പൂക്കോട്ടുംപാടം: നിലന്പൂർ വനമേഖലയിൽ മാവോയിസ്റ്റുകൾ പോലീസുമായുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം തികയുന്നു. കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് 2016 നവംന്പർ 24ന് ഉച്ചയ്ക്ക് 12 മണിയോടെ കുപ്പുസ്വാമി എന്ന ദേവരാജ്, അജിത എന്നിവർ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
2013 ഫെബ്രുവരിയിലാണ് നിലന്പൂർ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടർന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകൾ, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, മുണ്ടക്കടവ് അമരന്പലം പഞ്ചായത്തിലെ പാട്ടക്കരിന്പ്, ടികെ കോളനി എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായി.
കേരളത്തിൽ തന്നെ ഒരു വനപാലകന് നേരെ വെടിയുതിർത്തതും പോലീസ് വാഹനത്തിന് വെടിയേറ്റതും നിലന്പൂർ മേഖലയിലെ പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിലാണ്. കാലാവസ്ഥ അനുകൂലമായത് കാരണം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ തന്പടിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
വാർഷികത്തോടനുബന്ധിച്ച് വനമേഖലയിലും വനത്തിനോടടുത്തുള്ള കോളനികളിലും മാവോയിസ്റ്റ് സാന്നിധ്യം ഇല്ല എന്നുറപ്പുവരുത്താൻ പോലീസ് തണ്ടർ ബോൾട്ട് സേനാംഗങ്ങളോടൊപ്പം രാത്രി സമയത്തുൾപ്പടെ പട്രോളിംഗ് നടത്തുന്നുണ്ട്. രാത്രികാലങ്ങളിൽ വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്.