മാനന്തവാടി: വിപ്ലവങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹമാണെന്ന് എഴുത്തുകാരിയും ആന്ധ്ര വിപ്ലവ രജയ്തലു സംഘം സെക്രട്ടറിയുമായ പ്രഫ.വരലക്ഷമി. നിലന്പൂരിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ലത എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉണ്ടായിട്ടും രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ മോചനം സ്വപ്നംകണ്ട് പുതിയ സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാൻ പ്രയത്നിക്കുന്നവർ ചിന്തിയ രക്തം വെറുതെയാവില്ല. വിപ്ലവ രാഷ്ട്രീയത്തെ കേരളത്തിൽ അവസാനിപ്പിച്ചെന്ന ഭരണവർഗത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് നിലന്പൂർ സംഭവം.
രാജ്യത്ത് ഫാസിസ്റ്റുകൾ ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ആയുധമേന്തി കൊലവിളി നടത്തുന്പോൾ വിപ്ലവത്തിന് ഇനിയും സമയമായില്ലെന്ന് പറയുന്ന കമ്യൂണിസം വേണമോ സായുധ വിപ്ലവം വേണമോ എന്നാണ് ജനങ്ങൾ ചിന്തിക്കേണ്ടത്.
നിലവിലെ ജനാധിപത്യം വോട്ടു നൽകി ഭരണകൂടത്തെ അധികാരത്തിലേറ്റാൻ മാത്രം കഴിയുന്നതാണ്. കൊല്ലപ്പെടുന്ന വിപ്ലവകാരികളുടെ മൃതദേഹങ്ങൾ പോലും വാചാലമാണ്. അതുകൊണ്ടാണ് ഭരണകൂടം കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ഭയപ്പെട്ടതെന്ന് വരലക്ഷ്മി പറഞ്ഞു.
കുപ്പുദേവരാജിന്റെ ഭാര്യ ഗജേന്ദ്രി, സഹോദരൻ ശ്രീധരൻ എന്നിവരെ അനുസ്മരണ സമിതി ചെയർമാൻ എ. വാസു, കെ. ചാത്തു, തങ്കമ്മ, ലുഖ്മാൻ പള്ളിക്കണ്ടി, വി.സി. ജെന്നി, ഗൗരി എന്നിവർ ഹാരമണിയിച്ച് ആദരിച്ചു. എ. വാസു അധ്യക്ഷത വഹിച്ചു. പോരാട്ടം സംസ്ഥാന ചെയർമാൻ എൻ. രാവുണ്ണി, തുഷാർ നിർമൽ സാരഥി, പി.ജെ. മാനുവൽ, പി.പി. ഷാന്റോലാൽ, കെ. ചാത്തു എന്നിവർ പ്രസംഗിച്ചു.