തൃശൂർ: കേരളത്തിന്റെ സ്വന്തം നിലന്പൂർ തേക്ക് ഭൗമ സൂചികാപദവിയോടെ പുതുവത്സരത്തിൽ ലോകത്തിന്റെ നെറുകയിലേക്ക്. ചെന്നൈയിലെ ജിഐ രജിസ്ട്രിയാണ് അംഗീകാരം നൽകിയത്. തേക്കിനു ഭൗമസൂചിക പദവി ലഭിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം കാർഷിക സർവകലാശാലയിൽ ലഭിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
മറയൂർ ശർക്കരയ്ക്കു ഭൗമ സൂചികാപദവി നേടുന്നതിനു ശ്രമങ്ങൾ നടക്കുന്നതിനിടെയാണു നിലന്പൂർ തേക്കിലൂടെ മലയാളക്കരയുടെ നേട്ടം. നിലന്പൂർ തേക്കിന്റെ പൈതൃകവും പാരന്പര്യവും സംരക്ഷിക്കാൻ സർവകലാശാലാ നേതൃത്വത്തിൽ 2013 ഒക്ടോബറിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണു ഭൂപ്രദേശസൂചിക പദവിക്കു ശ്രമം തുടങ്ങിയത്. ഭൗമസൂചികയ്ക്കുള്ള അപേക്ഷ 2016 ഡിസംബറിലാണു നൽകിയത്.
നിലന്പൂർ പാരന്പര്യ തേക്ക് സംരക്ഷണസമിതിയുടെ പേരിൽ കാർഷികസർവകലാശാലാ ബൗദ്ധിക സ്വത്തവകാശ സെല്ലാണു ഇതിനായി അപേക്ഷിച്ചത്. നിലന്പൂർ തേക്കിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞതും നിലന്പൂരിലെ തേക്കു തോട്ടത്തിന് അടിസ്ഥാനമിട്ടതും ബ്രിട്ടീഷുകാരാണ്. തേക്കിന്റെ മെക്ക എന്നറിയപ്പെട്ട നിലന്പൂരിൽനിന്നു ലക്ഷക്കണക്കിനു തേക്കിൻതടികൾ ലണ്ടൻ ഉൾപ്പെടെ വിദേശ നഗരങ്ങളിലേക്കെത്തിച്ചിട്ടുണ്ട്.
തേക്കു തടികൾ കൊണ്ടുപോകാൻ സ്ഥാപിച്ചതാണു ഷൊർണൂർ-നിലന്പൂർ റെയിൽപ്പാത. പൊക്കാളി അരി, വാഴക്കുളം പൈനാപ്പിൾ, പാലക്കാടൻ മട്ട, മധ്യതിരുവിതാംകൂർ ശർക്കര, ഗന്ധകശാല, ജീരകശാല, തിരൂർ വെറ്റില, ചെങ്ങാലിക്കോടൻ നേന്ത്രൻ എന്നിവയാണ് ഇതുവരെ ഭൂപ്രദേശസൂചിക ലഭിച്ച കേരളീയ ഉൽപ്പന്നങ്ങൾ.