നിലമ്പൂര്: സാന്പത്തിക മാന്ദ്യം രൂക്ഷമായതും ഇ ലേലം തുടങ്ങിയതും കാരണം നിലന്പൂർ തേക്കുകളുടെ വില കൂപ്പുകുത്തി. മില്ലുകളിൽ മരം കെട്ടിക്കിടക്കുന്നു. 1990കളിലെ വിലയാണ് നിലവിൽ ലഭിക്കുന്നതെന്ന് ഡിപ്പോകളിലെ രേഖകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. മാസത്തിൽ ഒരുതവണ എന്ന ക്രമത്തിലാണ് മുൻപ് വനംവകുപ്പിന്റെ അംഗീകൃത തടി ഡിപ്പോകളിൽ തേക്ക് ഉൾപ്പെടെയുള്ള മരങ്ങളുടെ ലേലം നടന്നിരുന്നത്.
എന്നാൽ ഇ ലേലം വന്നതോടെ മാസത്തിൽ ഏഴു ലേലം വരെയാണ് നടക്കുന്നത്. മുൻപ് പ്രധാനമായും വ്യാപാരികളാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. അതിനാൽതന്നെ വാശിയോടെയുള്ള ലേലമാണ് നടന്നിരുന്നത്. സർക്കാർ നിശ്ചിത തുകയിൽനിന്നും ഇരട്ടിയിലേറെ വിലക്ക് വരെ തേക്കുകൾ ലേലം ചെയ്തിരുന്നു. ഇ ലേലം വന്നതോടെ വീട്ടാവശ്യത്തിന് ഉൾപ്പെടെയുള്ളവർ ഡിപ്പോകളിൽ നേരിട്ടെത്തി ലേലത്തിൽ പങ്കെടുത്ത് തുടങ്ങിയതോടെ വ്യാപാരികൾ വിളിച്ചെടുത്ത മരങ്ങൾ അവർ സർക്കാരിന് നൽകിയ തുകക്കുപോലും വിൽക്കാൻ കഴിയാതെ മില്ലുകളിലും മറ്റും കെട്ടിക്കിടക്കുകയാണ്.
ഇതോടെ വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കുന്നതും വിളിച്ചെടുക്കുന്ന മരങ്ങളുടെ അളവിലും കുറവുവരുത്തിയിരിക്കുകയാണ്. കിട്ടുന്ന വിലക്ക് തേക്ക് തടികൾവിറ്റ് വരുമാനമാക്കാനുള്ള ഉൗർജിത ശ്രമത്തിലാണ് വനംവകുപ്പ്. രണ്ടുവർഷം മുൻപ് ഘനമീറ്ററിന് മൂന്നു ലക്ഷംരൂപവരെ വില ലഭിച്ചിരുന്ന ബി ഒന്ന് ഇനത്തിൽപെട്ട തേക്ക് തടികൾക്ക് നിലവിൽ ഇ ലേലത്തിലൂടെ ലഭിക്കുന്നത് 180000 രൂപയാണ്. 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഒരു ക്യുബിക്ക് 10000രൂപയാണ് മുൻപ് ലഭിച്ചിരുന്നതെങ്കിൽ നിലവിൽ 6000മുതൽ 7000രൂപവരെയാണ് വില. ബി രണ്ടിന് ഘനമീറ്ററിന് 245000രൂപ വരെ ലഭിച്ചിരുന്നിടത്ത് നിലവിൽ പരമാവധി ലഭിക്കുന്ന 168000രൂപയാണ്. 7000രൂപമുതൽ 8000രൂപവരെയായിരുന്നു ക്യുബിക്ക് വില. നിലവിൽ 4700 മുതൽ 8000 വരെയായി കുറഞ്ഞു. ബി മൂന്ന് ഇനത്തിന്റെ വിലയിലും ഗണ്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 171000 രൂപ വരെ ഘനമീറ്ററിന് ലഭിച്ചിരുന്ന തടികൾക്ക് നിലവിൽ 112000 രൂപയാണ് ലഭിക്കുന്നത്.
വ്യാപാരികൾ വിളിച്ചെടുക്കുന്ന മരങ്ങൾ പരമാവധി നാലു മാസം വരെമാത്രമേ ഡിപ്പോയിൽ സൂക്ഷിക്കാൻ അനുമതിയുള്ളൂ. അതിനാൽ വ്യാപാരികളിൽ ഭൂരിഭാഗവും സമീപത്തെ മില്ലുകളിലാണ് വാടക നൽകി മരങ്ങൾ സൂക്ഷിക്കുന്നത്. നിലവിൽ കിട്ടുന്ന വിലക്ക് മരങ്ങൾ വിറ്റ് കടക്കെണിയിൽനിന്നും തടിയൂരാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വ്യാപാരികൾ വിട്ടുനിൽക്കുന്നതോടെ വരും മാസങ്ങളിലും നിലന്പൂർ തേക്കുകളുടെ വിലയിടിയാനാണ് സാധ്യത.