കോഴിക്കോട്: സരോവരത്തിനു സമീപത്ത് എന്തുമാകാമെന്നാണോ… ഒരു വശത്ത് കയ്യേറ്റത്തിനെതിരേ ശക്തമായ നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുമ്പോഴും സമീപ പ്രദേശങ്ങളില്‍ മണ്ണിട്ടുനികത്തല്‍ നിരുപാധികം തുടരുന്നു.
സരോവരം പിഎച്ച്ഇഡി റോഡിനോടുചേര്‍ന്ന നെടുങ്ങോട്ടുര്പ്രദേശത്ത് ഇനി നികത്താത്ത സ്ഥലമില്ല.
ഒരുകാലത്ത് നെല്‍വയലുകളും ചതുപ്പുനിലങ്ങളുമായ ഇവിടെ ഇപ്പോള്‍ നേക്കെത്താ ദൂരത്തോളം മണ്ണിട്ടുനികത്തികഴിഞ്ഞു.കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി അവധി ദിനങ്ങളിലായിരുന്നു മണ്ണിട്ടുനികത്തല്‍. കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ തടഞ്ഞ വയല്‍ നികത്തലാണ് അവധിദിവസം നോക്കി പുനരാരംഭിച്ചത്.
പുലര്‍ച്ചെയായിരുന്നു നികത്തല്‍ തുടര്‍ന്ന് വേങ്ങേരി വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂസംഘം സ്ഥലത്തെത്തി ലോറിയും മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വകാര്യ കമ്പനിയുടേതാണ് ഈ സ്ഥലം. എന്നാല്‍ വയല്‍ നികത്താന്‍ ഇവര്‍ക്ക് റവന്യൂ വകുപ്പ് അനുമതി നല്‍കിയിട്ടില്ല.
പ്രശ്നങ്ങള്‍ വരുമ്പോള്‍ താത്കാലികമായി നിര്‍ത്തിയും പിന്നെ പുനരാരംഭിച്ചും മുക്കാല്‍ ഭാഗത്തോളം ഇവിടെ ഭൂമി നികത്തികഴിഞ്ഞു. സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഇതിനകം നിര്‍ദേശം നല്കി കഴിഞ്ഞുവെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ എത്രകാലം ഈ നിര്‍ദേശത്തിന് ആയുസുണ്ടാകുമെന്ന ചോദ്യവും ഉയരുന്നു.