മരട്: കുമ്പളത്ത് ഭരണകക്ഷിക്കാരുടെ അനധികൃത നിലം നികത്തൽ തടഞ്ഞ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ എസ്ഐ ഉൾപ്പെടെ നാലു പോലീസുകാരെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതായി ആരോപണം. പനങ്ങാട് സ്റ്റേഷൻ എസ്ഐ ദീപക്, എഎസ്ഐ ഉദയകുമാർ, സീനിയർ സിപിഒമാരായ ബഷീർ, ശിവപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിനെതിരേ നാട്ടുകാരും,വിവിധ രാഷ്ട്രീപാർട്ടികളും, പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടാഴ്ച്ച മുമ്പാണ് ഭരണകക്ഷി നേതാവിന്റെ നേതൃത്വത്തിലുള്ള അനധികൃത തണ്ണീർ തടം നികത്തൽ നാട്ടുകാർ സംഘടിച്ചു തടഞ്ഞത്.
ഒഴിവ് ദിവസങ്ങൾ നോക്കി പൂഴിയടിച്ച് നികുത്തിയിരുന്ന ജോലികളാണ് കുമ്പളം ചാക്കിയാത്ത് പരിസരത്ത് നാട്ടുകാരും എഐവൈഎഫ് പ്രവർത്തകരും ഇടപെട്ട് തടഞ്ഞത്. നികത്തുവാൻ കരാറെടുത്ത വ്യക്തി നാട്ടുകാരെ ഭീക്ഷണിപ്പെടുത്തിയതോടെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പനങ്ങാട് പോലീസ് സ്ഥലത്തെത്തിയത്. നികത്താനായി കൊണ്ടുവന്ന ലോറിയും ജെസിബിയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ രാത്രിയോടെ പനങ്ങാട് സ്റ്റേഷനിലെത്തിയ കരാറുകാരൻ തങ്ങളുടെ മുമ്പിൽ വച്ച് സിറ്റി പോലീസ് കമ്മീഷ്ണറുടെ പേര് പറഞ്ഞ് പനങ്ങാട് പോലീസിനെ ഭീഷണിപ്പെടുത്തിയതായി ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന പരാതിക്കാരായ എഐവൈഎഫ് ഭാരവാഹികൾ പറയുന്നു.രേഖകൾ പരിശോധിച്ച് രാത്രി തന്നെ പോലീസ് വാഹനങ്ങൾ വിട്ടയക്കുകയും ചെയ്തു.
എന്നാൽ, സ്ഥലത്തെ ഒരു കുളം നികത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഫോർട്ട് കൊച്ചി ആർഡിഒ നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതായുള്ള രേഖകളാണ് കരാറുകാരൻ നിലം നികത്താനുള്ള അനുമതിയായി സ്റ്റേഷനിലും മറ്റും കാണിച്ചതെന്ന് നാട്ടുകാർ പറയുന്നു. സിപിഐയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തടഞ്ഞ ശേഷം ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, റവന്യു മന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് പരാതിയും നൽകിയിരുന്നു. ഇതിന് തൊട്ടുപുറകേയാണ് നിലം നികത്താനെത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത എസ്ഐ ഉൾപ്പെടെയുള്ള നാല് പേലീസുകാർക്ക് കണ്ണൂരിലേക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്.