അന്നമനട: അവധിദിനങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ റവന്യു അധികൃതരുടെ തിരക്കും രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന നിശബ്ദതയും മറയാക്കി അന്നമനട ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു.മേലഡൂർ റേഷൻ കടകയ്ക്കു എതിർ ദിശയിലുള്ള ഹെൽത്ത് സെന്റർ റോഡിന് സമീപം വെണ്ണീർപ്പാടം പാടശേഖരത്തിലാണ് വൻ തോതിൽ പാടം നികത്തുന്നത്. അന്നമനട ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലാണ് ഈ പാടശേഖരം.
ഒറ്റ ദിവസം കൊണ്ട് തന്നെ മണ്ണടിക്കലും നിരത്തലും തകൃതിയായാണ് നടന്നത്. പ്രദേശവാസികളുടെ പ്രതിഷേധങ്ങളുയർന്നിട്ടും പഞ്ചായത്ത്, വില്ലേജ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പാടശേഖരത്തിലെ മുഖ്യ ജലസ്രോതസായ കുരിയൻ തോടിന്റെ സ്വാഭാവിക നീരൊഴുക്കിനും ഇത് പ്രതിബന്ധമായേക്കാമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
അന്നമനട ഗ്രാമപഞ്ചായത്തിനു സമീപം നിലം നികത്തുന്നത് കണ്ട് ഫോട്ടോയെടുക്കാൻ ശ്രമിച്ച അന്നമനട കൃഷി ഓഫീസറെ ഭീഷണിപ്പെടുത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് കൃഷി ഓഫീസർ പരാതി നൽകിയിട്ടുണ്ട്. നിലം നികത്തലുകൾക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ മടിച്ചു നിൽക്കുകയാണെന്ന ആക്ഷേപവും ജനങ്ങൾക്കിടയിൽ ശക്തമാണ്.
അവധിദിനം നോക്കിയാണ് നിലം നികത്തൽ സജീവമാകുന്നത്. മണ്ണ് മാഫിയക്ക് കുടപിടിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപാർട്ടികൾ പുലർത്തുന്ന കുറ്റകരമായ മൗനം നിലംനികത്തലിന് സൗകര്യമൊരുക്കുന്നതായും പരാതിയുണ്ട്.
വെണ്ണിപ്പാടത്തെ നിലംനികത്തലിനെതിരെ ആർഡിഒക്ക് റിപ്പോർട്ട് അയച്ചതായി അന്നമനട കൃഷി ഓഫീസർ അറിയിച്ചു. നിലം നികത്തിലിനെതിരെ കളക്ടർക്കും ആർഡിഒക്കും പരാതി നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു. നിലം നികത്തലിനെതിരെ ശക്തമായ നടപടി വേണമെന്നും നിലം പൂർവ സ്ഥിതിയിലാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.