നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികളെ കാണാതായി.
പഞ്ചായത്തിലെ നന്പൂരിപ്പൊട്ടി വലിയാട് ബാബു ഷെരീഫ് -സുബൈദ ദന്പതികളുടെ മകൻ ഷഹീൻ(14), പാറേക്കാട് കിണറ്റിങ്ങൽ ജമാൽ- മറിയുമ്മ ദന്പതികളുടെ മകൻ അജിൻഷാദ് (14) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം നാലു മണിക്ക് ശേഷം കാണാതായത്.
തുടർന്നു ഷഹീന്റെ പിതാവ് ബാബു ഷെരീഫ് മകനെ കാണാനില്ലെന്നു കാണിച്ച് നിലന്പൂർ പോലീസിൽ പരാതി നൽകി. എന്നും സൈക്കളിൽ സ്കൂളിൽ പോകാറുള്ള ഷഹീൻ ഇന്നലെ സൈക്കിളിൽ പോകാതെ തന്റെ പിതാവിന്റെ കൈയിൽ നിന്നു ബസ്കൂലി വാങ്ങിയാണ് സ്കൂളിലേക്കു പോയതെന്ന് ബാബു ഷെരീഫ് പറഞ്ഞു.
അതിനിടെ ഇന്നലെ വൈകുന്നേരം 4.30 തോടെ നിലന്പൂർ റെയിൽവെ സ്റ്റേഷനിൽ രണ്ടു കുട്ടികളെയും ഒരുമിച്ചു കണ്ടിരുന്നതായി സമീപവാസിയായ ആൾ പറഞ്ഞതായും ഇവർ പറയുന്നു.
പാറേക്കാട് സ്വദേശി ജമാൽ തന്റെ മകൻ അജിൻഷാദിനെ കാണാതായതുമായി ബന്ധപ്പെട്ടു ഇന്നു രാവിലെ പോലീസിൽ പരാതി നൽകും. മാതാവ് മറിയുമ്മ വഴക്ക് പറഞ്ഞതിൽ പ്രതിഷേധിച്ച് പത്തു ദിവസം മുന്പു വീടുവിട്ടു പോയിരുന്നു ഈ വിദ്യാർഥി.
അന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. രാത്രി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ പരാതി നൽകാതിരുന്നത്. ഇരുവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്.
അടുത്ത സുഹൃത്തുക്കളുമാണ്. ഇവർ നേരത്തെ നിശ്ചയിച്ചു ഒന്നിച്ച് നാടുവിട്ടതാണോയെന്നും ആശങ്കയുണ്ട്. കുട്ടികളെ കണ്ടെത്താനായി നിലന്പൂർ പോലീസും നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടരുകയാണ്.