സ്വന്തം ലേഖകൻ
തൃശൂർ: നശിച്ചുകൊണ്ടിരിക്കുന്ന നിളയടക്കമുള്ള പുഴകളുടെ സംരക്ഷണത്തിനായി നിളയുടെ തീരത്തു നിന്നൊരു ത്രൈമാസ പത്രം.
പുഴയ്ക്കായി ഒരു ത്രൈമാസ പത്രമെന്നത് കേരളത്തിൽ ഇതാദ്യമായിട്ടായിരിക്കാമെന്ന് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
നിളാവൃത്താന്തം എന്ന പേരിലാണ് പുഴയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ നിന്ന് ഈ പത്രമെത്തുന്നത്.
ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ എന്ന കൂട്ടായ്മയാണ് നിളയേയും കേരളത്തിലും മറ്റുമുള്ള പുഴകളേയും ജലാശയങ്ങളേയും ജല സ്രോതസുകളേയും സംരക്ഷിക്കാൻ ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകുന്നത്.
ഡോ.രാജൻ ചുങ്കത്ത്, വിനോദ് എം നന്പ്യാർ, ഉണ്ണി മങ്ങാട്ട്, ഡോ.ആർ.ശ്രീപാർവതി, കെ.പി.രാജേഷ് എന്നിവരടങ്ങുന്ന പത്രാധിപസമിതിയാണ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഡോ.ആർ.ശ്രീപാർവതിയുടെ നേതൃത്വത്തിൽ നിളാവൃത്താന്തം മൂന്നു മാസം കൂടുന്പോൾ ഒരുക്കുന്നത്.
എം.ടി.വാസുദേവൻ നായർ ഇംഗ്ലീഷിലെഴുതിയ ലേഖനം എം.എൻ.കാരശേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഇത്തവണത്തെ നിളാവൃത്താന്തത്തിന്റെ ആകർഷണം.
നിളയ്ക്ക് ഒരു ചരമഗീതം എന്ന സുദീർഘമായ ലേഖനത്തിലൂടെ എം.ടി.വാസുദേവൻ നായർ നിളയുടെ ആത്മാവിലേക്ക് കടന്നു ചെല്ലുന്നു.
ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാൻ കഴിയുന്നകാര്യങ്ങൾ, തുടങ്ങി ഗൗരവമാർന്ന വിഷയങ്ങളാണ് നിളാവൃത്താന്തത്തിലൂടെ അവതരിപ്പിക്കുന്നത്.
ലൈബ്രറികൾ, സ്കൂളുകളിലേയും കോളജുകളിലേയും എൻ.എസ്.എസ് യൂണിറ്റുകൾ, നിളാതീരത്തുള്ള 131 പഞ്ചായത്തുകൾ, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിളാവൃത്താന്തം സൗജന്യമായി നൽകുന്നുണ്ട്. ഇ-മെയിൽ വഴിയും കോപ്പികൾ അയക്കുന്നുണ്ട്.
പുഴയുടെ രാഷ്ട്രീയവും സാംസ്കാരികവും ചരിത്രപരവുമായ ഒട്ടനവധി തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് നിളാവൃത്താന്തം.
ലേഖനം അവസാനിപ്പിക്കുന്പോൾ എം.ടി ആശങ്കപ്പെടുന്നുണ്ട്……എന്നെ ഏറെ പ്രചോദിപ്പിക്കുകയും എന്റെ ഉള്ളിലെ വൈരുധ്യങ്ങളെ കരുണയോടെ പൊറുക്കുകയും എന്റെ വളർച്ചയ്ക്ക് സാക്ഷിയാവുകയും ചെയ്ത നിളാദേവി ഇതാ, ഉൗർദ്ധ്വൻ വലിക്കുകയാണ്….
എന്നാൽ ആശങ്ക വേണ്ട എന്ന് നിളാവൃത്താന്തത്തിനൊപ്പമുള്ളവർ പറയുന്നു.
നിളാവൃത്താന്തം കേരളത്തിലങ്ങളോമിങ്ങോളം ഉൗർദ്ധ്വൻ വലിച്ചുകൊണ്ടിരിക്കുന്ന പുഴകൾക്കും ജലാശയങ്ങൾക്കും ജലസ്രോതസുകൾക്കുമുള്ള അക്ഷരോർജ്ജമായി മാറുകയാണ്.