തൂത്തുക്കുടിയിലെ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടിയ്ക്കെതിരെയും പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. തമിഴ് സീരിയല്‍ താരം നിലാനിയാണ് പോലീസ് വേഷത്തിലെത്തി വികാര നിര്‍ഭരമായി വെടിവെപ്പിനെതിരെ പ്രതിഷേധിച്ചത്. എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഇത്തരം കാര്യങ്ങളെ ഓര്‍ത്ത് കഷ്ടം തോന്നുന്നു.
സാധരണക്കാരെ തീവ്രവാദികളായി ചിത്രീകരിച്ചാണ് വെടിവെച്ച് വീഴ്ത്തുന്നതെന്നും അവര്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. ഞാന്‍ ഷൂട്ടിംഗിലാണ്. അല്ലെങ്കില്‍ തിര്‍ച്ചയായും അവിടെ വന്ന് സമരക്കാര്‍ക്കൊപ്പം നില്ക്കുമായിരുന്നു. സ്വന്തം കൂടപ്പിറപ്പുകളെയാണ് അവര്‍ വെടിവച്ച് കൊന്നത്. അഭിനയമാണെങ്കിലും ഈ വേഷമിടാന്‍ നാണക്കേട് തോന്നുന്നുവെന്നും നിലാനി പറഞ്ഞിരുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിലെ പോലീസ് വേഷമിട്ടാണ് നിലാനി പ്രതിഷേധം അറിയിച്ചത്.
വിഡിയോ വിവാദമായതിന് പിന്നാലെ പറഞ്ഞത് പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് വെളിപ്പെടുത്തി വീണ്ടും നിലാനി ലൈവില്‍ വന്നു. പോലീസ് വേഷത്തില്‍ വന്നത് തെറ്റായിപ്പോയെന്ന് പലരും പറഞ്ഞതായും അത് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കഥാപാത്രത്തിന്റെ വേഷമാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് പിന്നില്‍ ആരുമില്ല. നിലാനി പറഞ്ഞു.