ടി.പി. സന്തോഷ്കുമാർ
2021 ജൂൺ 30. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിനു സമീപം ചുരക്കുളം എസ്റ്റേറ്റ് ഉണർന്നതു പതിവ് കുളിർക്കാറ്റ് ഏറ്റായിരുന്നു. തേയില തോട്ടത്തിൽ ജോലിക്കു പോകേണ്ടവർ ധൃതി കൂട്ടി നീങ്ങുന്നു.
മഞ്ഞണിഞ്ഞ തേയില ചെടികൾക്കു മീതെ കിളികൾ പാറുന്നു. കോടമഞ്ഞിന് ഇടയിലൂടെ സൂര്യന്റെ വെള്ളിവെളിച്ചം പതിയെ കടന്നുവന്നു തുടങ്ങിയിരിക്കുന്നു.
വൈകാതെ ലയങ്ങളിലെ മുതിർന്നവരിൽ ബഹുഭൂരിപക്ഷവും ജോലിക്കായി യാത്ര തിരിച്ചുകഴിഞ്ഞു. ഇനി ഇതു കുട്ടികളുടെ ലോകമാണ്.
സ്കൂളിലും കോളജിലുമൊന്നും പോകേണ്ടാത്തതിനാൽ ഈ ലയങ്ങളും അതിന്റെ പരിസരങ്ങളുമൊക്കെയാണ് അവരുടെ വിഹാരരംഗം. കുട്ടികൾ അവിടവിടെയായി വട്ടംകൂടി കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു.
ഉച്ചയ്ക്കുള്ള ഭക്ഷണവും കഴിഞ്ഞ് ലയങ്ങളിൽ അവശേഷിച്ചിരുന്ന മുതിർന്നവരിൽ പലരും ചെറിയ മയക്കത്തിലേക്കും വിശ്രമത്തിലേക്കും നീങ്ങി.
കുട്ടികളുടെ കൂട്ടം അപ്പോഴും എവിടെക്കെയോ ബഹളംകൂട്ടി കളി ചിരികൾ തുടർന്നു. ഉച്ചകഴിഞ്ഞ് 3.30 ആയിക്കാണും. ലയത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു നിലവിളി ഉയർന്നു.
നിലവിളി കേട്ട് മയക്കത്തിലായിരുന്നവർ ഞെട്ടിയുണർന്നു. കുട്ടികൾ ബഹളം നിർത്തി ചെവിയോർത്തു. തേയിലത്തോട്ടങ്ങൾക്ക് നടുവിലുള്ള ലയങ്ങളിൽ ഒന്നിൽനിന്നാണ് നിലവിളി ഉയർന്നുകൊണ്ടിരിക്കുന്നത്.
എന്തോ അപകടം സംഭവിച്ചു എന്ന തോന്നൽ എല്ലാവരിലുമുണ്ടായി. പരിഭ്രാന്തിയോടെയാണ് പലരും നിലവിളി കേട്ടിടത്തേക്ക് ഒാടിയെത്തിയത്.
സമീപത്ത് മുടിവെട്ടിക്കൊണ്ടിരുന്ന യുവാക്കളാണ് ആദ്യം ഒാടിയെത്തിയത്. വന്നവർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ലയത്തിലെ വലിയ ഉയരത്തിലൊന്നുമല്ലാത്ത ഉത്തരത്തിലെ കയറിൽ കെട്ടിയ ഷാളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം തൂങ്ങിയാടുന്നു.
കഴുത്തു ഷാളിൽ കുരുങ്ങിയ നിലയിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയെ കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന സഹോദരനും മുത്തശിയും.
ഒരു നിമിഷം പോലും കളയാതെ യുവാക്കൾ ആ കുരുന്നു പെൺകുട്ടിയെ അഴിച്ചുതാഴെ കിടത്തി. തുടർന്ന് ചൂരക്കുളത്തെ ആശുപത്രിയിലേക്കു പാഞ്ഞു.
എന്നാൽ, അവിടെ എത്തുംമുന്പേ ആ കുരുന്നു ജീവൻ പറന്നകന്നിരുന്നു. തോട്ടം തൊഴിലാളികളായ ദന്പതികളുടെ മകളായിരുന്നു ആ ആറു വയസുകാരി.
കലപില വർത്തമാനം പറഞ്ഞ് ഒാടി നടക്കുന്ന ആ കുരുന്ന് ലയത്തിൽ ഉള്ളവരുടെയെല്ലാം ഒാമനയായിരുന്നു. ലയവും എസ്റ്റേറ്റും മാത്രമല്ല കേരളമൊന്നാകെ ആ കുരുന്നിന്റെ വേർപാടിൽ ഞെട്ടിത്തരിച്ചു. പിന്നെ തേങ്ങിക്കരഞ്ഞു.
പഴക്കുല കെട്ടിത്തൂക്കാൻ ഉപയോഗിച്ചിരുന്ന കയറിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ ഉണ്ടായ അബദ്ധം. അങ്ങനെയാണ് ആദ്യ കാഴ്ചയിൽ ആ ദുരന്തത്തെക്കുറിച്ച് എല്ലാവർക്കും തോന്നിയത്. ആദ്യഘട്ടത്തിൽ എല്ലാവരും വിശ്വസിച്ചതും ഇതു തന്നെ.
ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.
മരണത്തിൽ മറ്റു സംശയങ്ങളില്ലാതിരുന്നതിനാൽ ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുക്കാൻ കഴിയുമോയെന്നു പീരുമേട് എംഎൽഎ വാഴൂർ സോമൻ പോലീസിനോടു ചോദിച്ചെങ്കിലും അസ്വഭാവിക മരണമെന്ന നിലയിൽ പോസ്റ്റുമോർട്ടം വേണമെന്ന നിലപാടിലായിരുന്നു പോലീസ്.
അങ്ങനെ കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
ആർക്കും പരാതിയോ സംശയമോ ഒന്നും ഇല്ലായിരുന്നെങ്കിലും അസ്വാഭാവിക മരണമെന്ന നിലയിൽ അന്വേഷണം നടത്തണമെന്നു പോലീസ് തീരുമാനിച്ചു. അതിന്റെ ഭാഗമായി സിഐ ടി.ഡി. സുനിൽ കുമാർ ചൂരക്കുളം എസ്റ്റേറ്റിലെ ഇവരുടെ താമസസ്ഥലത്ത് എത്തി.
(തുടരും)