നൊമിനിറ്റ ജോസ്
കൊച്ചി: പഠനം ഡോക്ടറാകാനാണെങ്കിലും മലപ്പുറം അരീക്കോട് തെരട്ടുമ്മല് സ്വദേശി നിമിലിനു കന്പം എൻജിനീയറിംഗിലാണ്. പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ നിമില്‍ സലാം ലോക്ക് ഡൗണ്‍ കാലത്ത് നടത്തിയ പരീക്ഷണനിരീക്ഷണങ്ങള്‍ ചെന്നുനിന്നത് വേഗ്വാര് എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ നിര്‍മിതിയിൽ.
കുറഞ്ഞ മുതല്‍മുടക്ക്, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്) ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള പ്രവര്‍ത്തനം, ആശുപത്രിക്കു പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകളില്‍ പോലും ഉപയോഗയോഗ്യം എന്നിങ്ങനെ പുതിയ കണ്ടുപിടിത്തത്തിന്റെ പ്രത്യേകതകള്‍ നിരവധിയാണെന്നു നിമില്‍ അവകാശപ്പെടുന്നു.
നിലവില്‍ വിപണിയിലുള്ള പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ക്ക് ആറു ലക്ഷം രൂപ മുതല്‍ വില വരും. ഇവയ്ക്കു തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും പരിമിതിയുണ്ട്. വേഗ്വാറിന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ മാത്രമാണു വില വരിക.
പല വെന്റിലേറ്ററുകളുടെയും പ്രശ്നം ശ്വാസം ഉള്ളിലേക്ക് എടുക്കാന്‍ സഹായിക്കും, പുറന്തള്ളാന്‍ സഹായിക്കില്ല എന്നതാണ്. ഈ ന്യൂനതകളും തന്റെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ പരിഹരിക്കുമെന്നു നിമില്‍ പറയുന്നു.
ആന്‍ഡ്രോയിഡ് ഫോണുകളുമായി ബന്ധിപ്പിക്കാമെന്നിരിക്കേ ഡോക്ടര്‍ രോഗിയുടെ അടുത്തില്ലെങ്കില്പോലും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാം.
പകര്‍ച്ചവ്യാധികളുടെ സമയത്ത് രോഗികളില്‍നിന്ന് അകലം പാലിക്കുന്നതിന് ഈ സൗകര്യം പ്രയോജനം ചെയ്യും. ഐഒടി സംവിധാനമുള്ളതിനാല്‍ ഉള്പ്രദേശങ്ങളിലെപോലും വിവരങ്ങളും ലഭ്യമാകും.ഷക്കീബു സലാം-ഖദീജ ദന്പതികളുടെ മകനാണ് നിമിൽ.
സഹോദരങ്ങളായ ഷിബില്‍, ഷാമില്‍, അസില്‍, റസില്‍ എന്നിവരെല്ലാം എൻജിനീയറിംഗിന്റെ വഴിയെതന്നെയാണ്. വീടിനു മുന്നിലുള്ള കെന്സോണ് എന്ന ഗാരേജാണ് സലാം ബ്രദേഴ്സിന്റെ പണിപ്പുര.
ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഉപകാരപ്രദമാകുന്ന ഒരു ആപ്ലിക്കേഷന്‍ സലാം ബ്രദേഴ്സിലെ കുഞ്ഞന്മാരായ എൻജിനീയറിംഗ് വിദ്യാര്‍ഥി അസിലും പ്ലസ്ടു വിദ്യാര്‍ഥിയായ റസിലും ചേർന്നു കോവിഡ് കാലത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ ജ്യേഷ്ഠന്മാരായ ഷിബിലും ഷാമിലും ഇരുന്നും നിന്നും തെങ്ങില്‍ കയറാനുള്ള യന്ത്രം “സിറ്റ് സ്റ്റാന്‍ഡ് ക്ലൈംബര്‍’ നിര്‍മിച്ചതു വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.