കിഴക്കന്പലം: മോഷണശ്രമം തടയുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തിയ എറണാകുളം കിഴക്കന്പലം പഞ്ചായത്തിലെ അന്പുനാട് വാർഡ് എടത്തിക്കര മോത്തിക്കരമോളത്ത് അന്തിനാട്ട് തന്പിയുടെ മകൾ നിമിഷ (20)യുടെ സംസ്കാരം നടത്തി. മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് ഇന്നുരാവിലെ സംസ്കാരം നടത്തിയത്.
അതേസമയം, സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത പശ്ചിമബംഗാൾ മുർഷിദാബാദ് ജാലംഗി സ്വദേശി ബിജു മുല്ലയെ (32) ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിമിഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതൃസഹോദരൻ ഏലിയാസിനും, അയൽവാസി അബ്ബാസിനും കുത്തേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഏലിയാസ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സിലാണ്. അബ്ബാസിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വീടിന്റെ ഹാളിലിരുന്ന തന്പിയുടെ അമ്മ മറിയാമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ബിജു മുല്ല അകത്തേക്ക് പാഞ്ഞ് വരികയായിരുന്നു. മുത്തശിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നിമിഷ മോഷണ ശ്രമം തടയാൻ ശ്രമിച്ചു.
ബലപ്രയോഗത്തിനിടെ നിമിഷയുടെ കൈയിലെ കറിക്കരിയുന്ന കത്തി പിടിച്ചുവാങ്ങി ഒന്നിലധികം തവണ പ്രതി കുത്തുകയായിരുന്നു. കുത്തേറ്റ് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ പെണ്‍കുട്ടി ഓടിയെത്തിയ പിതൃസഹോദരൻ ഏലിയാസിന് മുന്നിലേക്കാണ് വീണത്. വീട്ടിലേക്ക് ഓടിക്കയറിയ ഏലിയാസിന്റെ കൈയിൽ പ്രതി രണ്ടു പ്രാവശ്യം കുത്തി.
പിന്നീട് ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സമീപത്തെ ആളൊഴിഞ്ഞ ഷെഡിൽ പതിയിരുന്ന പ്രതിയെ കീഴ്പ്പെടുത്തിയത്. കുത്തേറ്റ നിമിഷ സംഭവ സ്ഥലത്തു തന്നെ രക്തം വാർന്നു മരിച്ചു. പ്രതി പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള എകെ ഫ്ളവർ മില്ലിലെ തൊഴിലാളിയാണ്. എന്നാൽ, ഇയാളെ രണ്ടു ദിവസം മുന്‍പ് സ്ഥാപനത്തിൽ നിന്ന് പറഞ്ഞു വിട്ടിരുന്നെന്ന് സ്ഥാപന അധികൃതർ പറയുന്നു.
വീട്ടിൽ പകൽ മറിയാമ്മ മാത്രമാണുള്ളതെന്നറിയാവുന്ന പ്രതി കവർച്ചക്കെത്തുകയായിരുന്നു.എന്നാൽ അപ്രതീക്ഷിതമായി നിമിഷയെ വീട്ടിൽ കണ്ട പ്രതി പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കോളജിൽ രണ്ടാം വർഷ വിദ്യാർഥികളുടെ പരീക്ഷ നടക്കുന്നതിനാൽ നിമിഷക്ക് അവധിയായിരുന്നു.
ഓട്ടോ തൊഴിലാളിയായ പിതാവ് തന്പിയും മാതാവ് സലോമിയും ജോലിക്കായി പുറത്തു പോയിരിക്കുകയായിരുന്നു. ആലുവ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ ഏക സഹോദരി അന്നയും സ്കൂളിൽ പോയിരുന്ന സമയത്താണ് സംഭവം. മാറന്പിള്ളി എംഇഎസ് കോളജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർഥിനിയാണ് നിമിഷ.