കൊച്ചി: അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചു നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദുവാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്.
2016 ലാണ് ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്സണിനൊപ്പം നിമിഷ ഫാത്തിമ നാടുവിട്ടത്. കാസര്‍ഗോഡ് പൊയിനാച്ചിയിലെ ഡെന്റല്‍ കോളജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരിക്കെ നിമിഷ മതംമാറി നിമിഷ ഫാത്തിമയായിരുന്നു.
ബെക്സണും മതം മാറി ഈസയെന്ന പേരു സ്വീകരിച്ചിരുന്നു. ഇരുവരും പിന്നീട് ശ്രീലങ്കയിലേക്കും അവിടെനിന്ന് അഫ്ഗാനിസ്ഥാനിലേക്കും പോയി. ഇവരടക്കം 21 മലയാളികളാണ് ഐഎസില്‍ ചേരാന്‍ നാടുവിട്ടത്.
പിന്നീട് അഫ്ഗാന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ബെക്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. പിടിയിലായ നിമിഷയടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയയ്ക്കാന്‍ അഫ്ഗാന് സര്‍ക്കാര്‍ തയാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഇന്ത്യാ ഗവണ്മെന്റ് ഇവരെ തിരിച്ചു കൊണ്ടുവരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.