കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. തുക പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കാതെ ആക്ഷന്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തും.
ഇതിന് പലരുമായും ചര്‍ച്ച നടത്തും. മോചനത്തിനായി ഗാരന്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും ബന്ധപ്പെട്ടിട്ടുമുണ്ട്. മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങള്‍ക്ക് കൈമാറാനും തീരുമാനമായി.
അതേസമയം, യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാമുവേല്‍ ജെറോമും കൊല്ലപ്പെട്ട യെമെന്‍ യുവാവിന്റെ കുടുംബത്തെ കാണാന്‍ ശ്രമം തുടങ്ങി. യെമന്‍ അഭിഭാഷകന് മുഖാന്തരമാണ് കുടുംബവുമായി ചര്‍ച്ച നടത്തുക. ഇവര്‍ മാപ്പ് നല്കിയാല് മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ.
ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്മഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനില്‍ തുടരുന്നത്.
കഴിഞ്ഞ മാസം 24ന് സനയിലെ ജയിലില്‍ വച്ച് പ്രേമകുമാരി 12 വര്‍ഷത്തിനുശേഷം മകളെ കാണുകയുണ്ടായി. മണിക്കൂറുകളോളം ജയിലില്‍ ചെലവഴിച്ച പ്രേമകുമാരി മകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് അവിടെനിന്ന് മടങ്ങിയത്.
യെമന്‍ പൗരന് തലാല്‍ അബ്ദുള്മഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഇവരെ ഭാര്യയാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.