കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി 16,71,000 രൂപ (20,000 ഡോളര്‍) കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ച തുകയാണ് നിക്ഷേപിച്ചത്.
പ്രാരംഭചര്‍ച്ചകള്‍ക്ക് 40,000 ഡോളര്‍ ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പണം കൈമാറാന്‍ അനുമതി തേടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം അമേരിക്കന്‍ ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ട യമന്‍ യുവാവ് തലാലിന്റെ കുടുംബവുമായി പ്രാരംഭ ചര്‍ച്ച നടത്തുന്നതിന് ആവശ്യമായ ചെലവിനാണ് ഈ തുക ഉപയോഗിക്കുക. ചര്‍ച്ച നടത്തിയാല്‍ മാത്രമേ അവര്‍ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കുമോയെന്നും എത്ര തുക ആവശ്യപ്പെടുമെന്നും അറിയാന്‍ കഴിയൂ. വിദേശകാര്യമന്ത്രാലയത്തിന്റെ ഡല്‍ഹി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് യമനില്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലേക്ക് തുടര്‍ന്ന് തുക കൈമാറും. പിന്നീട് എംബസി അഭിഭാഷകന് അബ്ദുള്ള അമറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക കൈമാറും.
തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ പൗരനെ അവിടെ നഴ്സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020ല്‍ സനയിലെ വിചാരണക്കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറില്‍ യമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ നല്കിയ അപ്പീലും നിരസിച്ചു.