കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
വര്‍ഷങ്ങളായി യെമനില്‍ ബിസിനസ് നടത്തുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് മേരി എന്ന പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. യെമനിലേക്കു പോകാന്‍ അനുവാദം നല്കണമെന്നാവശ്യപ്പെട്ടു പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്കു പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം.
കഴിഞ്ഞ മാസം ആദ്യം യെമനിലെ ഏദന്വരെ എത്താനുള്ള യാത്രാനുമതി പ്രേമകുമാരിക്ക് ലഭിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. ഏഡനില്‍നിന്നു സനയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യണമെങ്കില്‍ സനയില്‍നിന്നുള്ള അനുമതി ലഭിക്കണമായിരുന്നു. അതു ലഭിക്കാൻ വൈകിയതോടെയാണു യാത്ര മാറ്റിവയ്ക്കേണ്ടിവന്നത്.
ഇന്ന് പുലര്‍ച്ചെ 5.30ന് നെടുമ്പാശേരിയില്‍നിന്ന് വിമാനമാര്‍ഗം മുബൈയിലെത്തും. അവിടെനിന്ന് വൈകുന്നേരം അഞ്ചിനാണ് യെമനിലേക്കുള്ള വിമാനം. യെമനില്‍നിന്ന് നിമിഷ പ്രിയയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സനയിലേക്ക് റോഡ് മാര്‍ഗം പോകുമെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകന് സുഭാഷ് ചന്ദ്രന് പറഞ്ഞു.
മൂന്നു മാസമാണ് വീസാ കാലാവധി. ഇതില്‍ ഒരു മാസം പിന്നിട്ടു. ബാക്കിയുള്ള സമയത്തിനുള്ളില്‍ മകളുടെ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രേമകുമാരി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി.
കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമന്‍ സുപ്രീംകോടതിയും ശരിവച്ചിരുന്നു. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാകൂ. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ടോമിയാണ്. ഇവര്‍ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ (ചിന്നു)എന്ന മകളുണ്ട്.
2012ലാണ് നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലിക്കു പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
യെമന്‍ പൗരന്റെ ഉത്തരവാദിത്വത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാകില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ഇടയ്ക്ക് ഇവര്‍ നാട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്കു പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്നിന്നുണ്ടായ മാനസിക, ശാരീരിക പീഡനത്തില്‍നിന്നു രക്ഷപ്പെടാനായി 2017ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.