സ്വന്തം ലേഖകൻ
തൃശൂർ: കൊലക്കേസിൽപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചതു നിമിഷയ്ക്കും നാട്ടിലെ വീട്ടുകാർക്കും അപ്രതീക്ഷിതമായ ഓണസമ്മാനമായി.
തന്നെ വധശിക്ഷയ്ക്കു വിധിച്ച യെമനിലെ വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ നിമിഷ സമർപ്പിച്ച അപ്പീലിലാണ് ഇപ്പോൾ സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
യെമനിലെ പരമോന്നത നീതിപീഠമായ ജുഡീഷൽ കൗണ്‍സിലിനെ സമീപിച്ചാണു നിമിഷ അപ്പീൽ നൽകിയത്. നിമിഷയുടെ അപ്പീലിൽ തീരുമാനമെടുക്കും വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് സ്റ്റേ ഉത്തരവിൽ പറയുന്നത്.
ശിക്ഷ നീട്ടിവെക്കണമെന്നും നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്നുമായിരുന്നു നിമിഷയുടെ അപ്പീലിലെ ആവശ്യങ്ങൾ. കൊലപാതകത്തിലേക്കു നയിച്ച സാഹചര്യങ്ങൾ, കൊല്ലപ്പെട്ട യെമൻ പൗരന്റെ ക്രിമിനൽ സ്വഭാവം എന്നിവ ശിക്ഷ വിധിക്കും മുന്‍പു കണക്കിലെടുക്കണമെന്നും നിമിഷ അപ്പീലിൽ അപേക്ഷിച്ചിരുന്നു.
യെമൻ പ്രസിഡന്റാണ് അപ്പീൽ പരിഗണിക്കുന്ന ജുഡീഷൽ കൗണ്‍സിലിന്റെ അധ്യക്ഷൻ. ജുഡീഷ്യൽ കൗണ്‍സിലിന്റെ തീരുമാനം വൈകാതെ വരും.
യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. വധശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ തീരുമാനത്തിന് ഏർപ്പെടുത്തിയ സ്റ്റേ ഇടക്കാല ഉത്തരവാണ്. എത്രകാലത്തേക്ക് സ്റ്റേ എന്നു വ്യക്തമല്ല. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം വരും വരെയായിരിക്കും സ്റ്റേ.
ശിക്ഷ നടപ്പാക്കുന്നത് എന്തായാലും വൈകുമെന്നാണ് ഇപ്പോഴത്തെ സൂചന. വധശിക്ഷയിൽ നിന്ന് നിമിഷയുടെ ശിക്ഷ ഇളവു ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ വീട്ടുകാർ.
2014ൽ ആയിരുന്നു സംഭവം. തലാൽ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഇതിന് കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുന്‍പാണ് വധശിക്ഷ അപ്പീൽ കോടതി ശരിവച്ചത്. തനിക്ക് നിയമസഹായം ലഭ്യമാകുന്നില്ലെന്നു മാധ്യമങ്ങളോട് നിമിഷ വെളിപ്പെടുത്തിയതോടെ നിയമസഹായവുമായി യെമനിലെ ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. ജയിലിലെത്തി നിമിഷയെ കണ്ട എംബസി അധികൃതർ അപ്പീൽ നൽകാനുള്ള കടലാസുകളിൽ ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു.
ഉന്നത ജുഡീഷ്യൽ കൗണ്‍സിലിനു മുന്നിൽ കേസ് വാദിക്കുന്നതിനായി യെമനി സ്വദേശിയായ അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇതിനു പുറമെ എഴുപത് ലക്ഷം രൂപ ബ്ലഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്കായി ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ രണ്ടംഗങ്ങൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരൊക്കെ ഈ കമ്മിറ്റിയിലുണ്ട്.
പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയയുടെ വാദം. പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായി രണ്ടു വർഷത്തോളം ഇത്തരത്തിൽ പീഡനങ്ങൾ സഹിച്ചു എന്നും ഇവർ പറഞ്ഞിട്ടുണ്ട്.
യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകാൻ പല സന്നദ്ധ സംഘടനകളും തയാറായി രംഗത്തു വന്നിട്ടുണ്ട്. നോർക്കയും ഇന്ത്യൻ എംബസിയും നിമിഷയുടെ ശിക്ഷ ഇളവു ചെയ്തു കിട്ടാൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നിമിഷയുടെ കേസ് കൈകാര്യം ചെയ്യുന്ന സീനിയർ അഡ്വ. കെ.എൽ. ബാലചന്ദ്രൻ പറഞ്ഞു.
യെമനിലെ അഭിഭാഷകനെ നിമിഷയുടെ കേസിനായി നിയോഗിച്ചത് അവിടത്തെ നിയമങ്ങളും നടപടികളും വ്യത്യസ്തമായതിനാലാണ്.