പാലക്കാട്: കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ യുവതി കൊലക്കുറ്റത്തിനു യെമനിലെ ജയിലിൽ. വധശിക്ഷ വിധിച്ചതും ജയിൽവാസവും സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇടുക്കിയിലുള്ള ഭർതൃവീട്ടിൽ േക്കിൻചിറ സ്വദേശിനി നിമഷപ്രിയയുടെ കത്തു ലഭിച്ചിരുന്നു. ഇതോടെയാണ് നിമിഷയുടെ സങ്കടകഥ പുറംലോകം അറിയുന്നത്.
യെമനിൽ നിമിഷയുടെ ജോലിസ്ഥലത്തെ ഉന്നത ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. പലപ്പോഴായി പണംതട്ടിപ്പിനു ഇയാൾ ശ്രമിച്ചിരുന്നു. നാട്ടിലെ ഭർത്താവുമായും മറ്റു സൃഹൃത്തുക്കളും ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാൻ പോലും അവസരം ഇയാൾ നിഷേധിച്ചിരുന്നു. പലതരത്തിലും നിമിഷയിൽ നിന്നും പണം തട്ടിപ്പ് നടത്താൻ ഇയാൾ ശ്രമിച്ചിരുന്നു.
പിന്നീട് ലൈംഗിക അതിക്രമത്തിലേക്കു നീങ്ങിയതോടെ ഗത്യന്തരമില്ലാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കത്തിലുള്ളത്. ജീവനും മാനവും നഷ്ടപ്പെടുന്ന അവസ്ഥയിൽ ചെയ്തു പോയതാണ് കൊലപാതകമെന്നു കത്തിൽ സൂചിപ്പിയ്ക്കുന്നു. ശാരീരികമായി ആക്രമിക്കപ്പെട്ടെന്നും ലൈംഗിക വൈകൃതങ്ങൾക്കു പ്രേരിപ്പിക്കപ്പെട്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടലുകൾക്കായി സമ്മർദം തുടങ്ങിയിട്ടുണ്ട്. മോചനദ്രവ്യം അടച്ച് ശിക്ഷയിൽ ഇളവുനേടാനുള്ള വ്യവസ്ഥകൾ യെമനിലുണ്ട്. കൊലപാതക സാഹചര്യം വിശദമാക്കുകയും മോചനദ്രവ്യം ലഭ്യമാക്കുകയും ചെയ്താൽ ശിക്ഷയ്ക്കു ഇളവു ലഭിയ്ക്കും.
മറുനാട്ടുകാരിയെന്ന പരിഗണനയാണ് ഇവിടെ തുണയാകുക. പക്ഷെ ശിക്ഷാവിധി കാത്തുകഴിയുന്നവരുടെ ജയിലിലേക്കാണ് നിമിഷയെ ഇപ്പോൾ മാറ്റിയിരിക്കുന്നത്. ശിക്ഷാവിധി എപ്പോൾ വേണമെങ്കിലും നടപ്പാക്കിയേക്കാം എന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്.