കൊച്ചി: “എന്റെ കുഞ്ഞിനെ ഒരു നോക്കു കാണണം. വര്‍ഷങ്ങളായി ഞാനതിന് കൊതിക്കുകയാണ്. അവള് അവിടെ തീ തിന്നു കഴിയുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് മാപ്പ് ചോദിക്കണം. എന്റെ അമ്മയെ കാണാന്‍ പ്രേമാമ്മ എപ്പോഴാണ് പോകുന്നതെന്ന് കൊച്ചുമോള് ചിന്നു എന്നും ചോദിക്കും.
കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 രൂപ മകള്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് കൊടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. അതിന്റെ വിഷമം എന്നെ മരണംവരെ വേട്ടയാടും. മകള്‍ ജയിലിലായതിനു ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നു. എന്റെ കുഞ്ഞിനെ തമ്പുരാന് തിരിച്ചു തരുമെന്ന പ്രതീക്ഷയുണ്ട്.’
യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ഈ മാസം എട്ടിന് യെമനിലേക്കു പുറപ്പെടും. വീസ നടപടികള്‍ പൂര്‍ത്തിയായതോടെ എട്ടിന് മുംബൈയില്‍ നിന്നുള്ള വിമാനത്തിലായിരിക്കും യാത്ര. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.
ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്. ഇതിനുള്ള വീസ കഴിഞ്ഞ ദിവസം വീട്ടിലെത്തി. പ്രേമകുമാരി ഒരു മാസത്തോളം യെമനിലുണ്ടാകും. ഇതിനിടയില്‍ മകളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് 57കാരിയായ ഈ അമ്മ. കഴിഞ്ഞ ഒമ്പതു വര്‍ഷമായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി. മുംബൈയില്‍നിന്നും യെമന്‍ അതിര്‍ത്തിയിലെ ഏദനിലേക്കാണ് യാത്ര.
അവിടെ നിന്നും റോഡ് മാര്‍ഗം വേണം സനായിലെത്താന്‍. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ യെമന്‍ അംബാസഡറുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമന്‍ പൗരന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വധശിക്ഷയില്‍ ഇളവിന് അഭ്യര്‍ഥിക്കുകയാണ് പ്രധാനമെന്ന് പ്രേമകുമാരി പറഞ്ഞു.
പ്രേമകുമാരിക്കൊപ്പം യെമനിലെത്താന്‍ സന്നദ്ധപ്രവര്‍ത്തകനായ സാമുവല്‍ ജെറോമിനും അനുമതി ലഭിച്ചിട്ടുണ്ട്. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമന്‍ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ടോമിയാണ്. ഇവര്‍ക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ (ചിന്നു)എന്ന മകളുണ്ട്.
2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസിന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്ക് പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്‍ നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി 2017 ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. മകളുടെ മോചനത്തിനായി നിമിഷപ്രിയയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല.
സീമ മോഹന്‍ലാല്‍