തിരുവല്ല: റവന്യു ഡിവിഷണൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റായ ആലംതുരുത്തി ഇളന്തുരുത്തിൽ അർജുൻ ആർ. നാഥിന്റെ ഭാര്യ നിമ്മി ജയന്റെ കാരുണ്യത്തിൽ മുരുകന് ജീവിതത്തിലേക്ക് മടക്കം.രോഗാവസ്ഥയിലായിരുന്ന തിരുവല്ല മതിൽഭാഗം ഇഞ്ചക്കാട്ടിൽ വീട്ടിൽ മുരുകനെ (65)യാണ് നിമ്മി ചികിത്സ നൽകിയശേഷം പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയത്.
കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴാണ് തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ശ്രീവല്ലഭ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പത്മവിലാസം ഹോട്ടലിന് സമീപം തികച്ചും അവശനിലയിലായിരുന്ന മുരുകനെ നിമ്മി കാണുന്നത്. വർഷങ്ങളായി മാർക്കറ്റ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇയാളുടെ ദുരിതാവസ്ഥ കാഴ്ചക്കാരും നാട്ടുകാരുമൊക്കെ അവഗണിച്ച മട്ടായിരുന്നു.
ഇയാളെ ആശുപത്രിയിലാക്കുവാൻ പൊതുപ്രവർത്തകരുൾപ്പെടെ പലരോടും നിമ്മി സഹായമഭ്യർഥിച്ചെങ്കിലും ആരും സഹകരിച്ചില്ലെന്നു പറയുന്നു.തുടർന്ന് വീട്ടിലെത്തിയ ഇവർ ഭർത്താവിനെയും കൂട്ടി തിരികെയെത്തി മുരുകനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിക്കുകയും മെഡിക്കൽ സൂപ്രണ്ടിന്റെ സഹായത്തോടെ അടിയന്തര ചികിത്സകൾ ലഭ്യമാക്കുകയും ചെയ്തു. കൂട്ടിരിക്കുവാൻ ആളില്ലാത്തതിനാൽ നിമ്മി തന്നെയാണ് ഒപ്പമിരുന്നത്. മരുന്നുകളും വസ്ത്രങ്ങളും ആഹാരവും സ്വന്തം ചെലവിൽ വാങ്ങി നല്കി.
മാതാപിതാക്കൾ മരണപ്പെട്ടതോടെ ഒറ്റപ്പെട്ട മുരുകന്റെ സഹോദരങ്ങളെ വിവരം അറിയിച്ചെങ്കിലും അവരാരും ഇയാളുടെ സംരക്ഷണമേറ്റെടുക്കാൻ തയാറായില്ല. വർഷങ്ങൾക്ക് മുന്പ് വാഹനാപകടം സംഭവിച്ച മുരുകന് ഇൻഷ്വറൻസ് തുക ലഭിച്ചിരുന്നെങ്കിലും പക്ഷാഘാതം വന്ന് ഓർമയില്ലാത്ത അവസ്ഥയിലായിരുന്ന ഇയാൾക്ക് ആ തുക ആരാണ് കൈവശപ്പെടുത്തിയതെന്ന് അറിവില്ല.
പാസ് ബുക്കോ, തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ കൈവശവുമില്ല. നിമ്മിയുടെ പ്രവർത്തനം അറിഞ്ഞ തിരുവല്ല ആർഡിഒ ടി.കെ. വിനീത് അവരെ പ്രോത്സാഹിപ്പിക്കുകയും മുരുകന് സഹായമിരുന്ന ദിവസങ്ങൾ ഡ്യൂട്ടിയായി അനുവദിക്കുകയും ചെയ്തു.
ഡിസ്ചാർജ് ചെയ്തതോടെ വീണ്ടും തെരുവിലേക്ക് എന്ന അവസ്ഥയായതോടെ വിവരം ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ എൽ.ഷീബയെ അറിയിച്ചതിനെത്തുടർന്ന് അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, പ്രവർത്തകരായ അനുഭദ്രൻ, വിനോദ്.ആർ എന്നിവർ സ്ഥലത്തെത്തി മുരുകന്റെ തുടർ സംരക്ഷണം ഏറ്റെടുത്തു.