സിജോ പൈനാടത്ത്
കൊച്ചി: കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള്‍ക്കു നേരെ മനസൊരുക്കത്തോടെ കരുക്കള്‍ നീക്കി ബുദ്ധിപൂര്‍വം ചെക്ക് പറഞ്ഞ്, ശാന്തമായി വിജയം കൈപ്പിടിയിലൊതുക്കുന്പോൾ, ഈ കൊമേഴ്സ് അധ്യാപിക ചുറ്റുമുള്ളവരെ ഓര്‍മിപ്പിക്കുന്നത് ഈ ലോകത്തില്‍ വെറുതെയങ്ങു തോറ്റുകൊടുക്കരുതെന്നു തന്നെയാണ്.
മലയാളി വനിതകള്‍ക്കിടയില്‍ ചെസിനു ദേശീയ, അന്തര്‍ദേശീയ മികവിന്റെ മേല്വിലാസമൊരുക്കിയാണു ഡോ. നിമ്മി എ. ജോര്‍ജിന്റെ ഓരോ കരുനീക്കങ്ങളും.
ചെസിലെ നാല് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഡോ. നിമ്മി അന്താരാഷ്ട്ര ഫിഡേ റേറ്റഡ് കളിക്കാരിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ചെസ് ചാംപ്യന്‍ഷിപ്പിലെ കിരീടമാണ് ഒടുവിലെ നേട്ടം.
വനിതാ ചെസില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഏക വനിതയാണ് ഡോ. നിമ്മി.അഞ്ചര വയസില്‍ ചെസ് കളിക്കാന്‍ ആരംഭിച്ചു.
ഇന്നു ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി വിജയങ്ങള്‍ തന്റെ പേരിലാക്കിക്കഴിഞ്ഞു. ആലുവ ദേശം സ്വദേശിയായ ഡോ. നിമ്മി തൃക്കാക്കര ഭാരതമാതാ കോളജിലെ കൊമേഴ്സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രഫസറുമാണ്.
പിതാവും കളമശേരി സെന്റ് പോള്‍സ് കോളജിലെ കെമിസ്ട്രി വിഭാഗം മുന്‍ മേധാവിയുമായ പ്രഫ. ജോര്‍ജ് ജോണ്‍ ആണു നിമ്മിയ്ക്കു ചെസില്‍ മാസ്റ്റര്‍.
ജ്യേഷ്ഠ സഹോദരി ഡോ. നീനു ജോര്‍ജും ചെസില്‍ ദേശീയ കിരീടം നേടിയിട്ടുണ്ട്. പിതാവിനും സഹോദരിക്കുമൊപ്പം കളിച്ചു പഠിച്ചായിരുന്നു തുടക്കം. അനിയത്തി നീലിമ ജോര്‍ജും ചെസില്‍ മികവു തെളിയിച്ചിട്ടുണ്ട്. ലാലി ജോര്‍ജാണ് അമ്മ.
ഇറാന്, ഇംഗ്ലണ്ട്, ദുബായ്, സ്പെയിന്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ് എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര ചെസ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു മെഡലുകള്‍ നേടിയിട്ടുണ്ട്.
ടീം ഇനങ്ങളിലും ഇന്ത്യയ്ക്കായി നേട്ടമുണ്ടാക്കി.30 ലധികം തവണ സംസ്ഥാനതലത്തിലും അത്രയും തന്നെ ദേശീയ തലത്തിലും ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കി.
ഭാരതമാതാ കോളജില്‍ ചെസ് ക്ലബിന്റെ സാരഥി കൂടിയാണു ഡോ. നിമ്മി. നിരവധി വിദ്യാര്‍ഥികളെ ചെസില്‍ മികവിന്റെ ഉയരങ്ങളിലേക്കു കൈപിടിക്കുന്നതിലും ഡോ. നിമ്മി സജീവം.