എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളമാക്കാൻ പോകുന്നതറിഞ്ഞ് ഒരു പക്ഷെ ഏറ്റവുമധികം സന്തോഷിച്ചത് നിമ്മിയായിരിക്കും. എയർപോർട്ട് മാനേജ്മെന്റ് സ്റ്റഡീസിൽ പഠനവും പരിശീലനവും പൂർത്തിയാക്കിയ എസ്റ്റേറ്റിലെ ഒരേയൊരാളാണ് ഇരുപത്തിമൂന്നുകാരിയായ നിമ്മി.
ചെറുപ്പം മുതലേ പറക്കാൻ കൊതിച്ച നിമ്മിയെ ബിരുദ പഠനം കഴിഞ്ഞയുടനെ മാതാപിതാക്കൾ അവളുടെ ഇഷ്ടമായ എയർപോർട്ട് മാനേജ്മെന്റ് കോഴ്സിനു ചേർക്കുകയായിരുന്നു.
എസ്റ്റേറ്റിൽ കാന്റീൻ നടത്തുന്ന ചാരങ്ങാട്ട് തോമസി (അർത്തുങ്കൽ തങ്കച്ചൻ)ന്റെ രണ്ടാമത്തെ മകളായ നിമ്മി കഴിഞ്ഞയിടെയാണു പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തായിരുന്നു പരിശീലനം. കഴിഞ്ഞദിവസം പരിശീലനം പൂർത്തിയാക്കി എസ്റ്റേറ്റിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു വിമാനത്താവളത്തിനുവേണ്ടി എസ്റ്റേറ്റ് ഏറ്റെടുക്കുന്നെന്ന വാർത്ത നിമ്മി അറിഞ്ഞത്.
എസ്റ്റേറ്റിന്റെ തുടക്കം മുതലുള്ള കാന്റീൻ കഴിഞ്ഞ 10 വർഷമായി നടത്തിക്കൊണ്ടിരിക്കുന്നത് നിമ്മിയുടെ പിതാവ് തങ്കച്ചനാണ്. രണ്ടര ലക്ഷത്തോളം രൂപ മകളുടെ പഠനത്തിനായി ചെലവിട്ടെന്നും വിമാനത്താവളം വരുമെന്ന പ്രതീക്ഷയിലല്ല മകളെ പഠിപ്പിച്ചതെന്നും തങ്കച്ചൻ പറഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഇല്ല.
എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിയും കാന്റീനുമാണ് ലയത്തിൽ താമസിക്കുന്ന ഇവരുടെ ആകെയുള്ള വരുമാനമാർഗം. വിമാനത്താവളമാകുന്നതോടെ തോട്ടത്തിലെ തൊഴിലാളികളെ സർക്കാർ ഏറ്റെടുക്കുമെന്നും ഇതിലൂടെ മകൾക്ക് ജോലി സാധ്യത ഉറപ്പാകുമെന്നും തങ്കച്ചൻ കരുതുന്നു.
പറക്കാൻ കൊതിച്ച നിമ്മിയാകട്ടെ താൻ ജനിച്ചു വളർന്ന സ്ഥലം തന്റെ സ്വപ്നം പോലെ വിമാനത്താവളം ആകുന്നതിന്റെ അതിരുകളില്ലാത്ത സന്തോഷത്തിലാണ്.