ശ്രീജിത് കൃഷ്ണൻ
ചില നേരം അങ്ങനെയാണ്. നാം പോലുമറിയാതെ ദൈവം നമ്മളെ കൊണ്ട് അവനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ ചെയ്യിപ്പിക്കും. അവൻ കൂടെ വന്ന് കരം പിടിച്ചിരിക്കുന്പോൾ എന്തെന്നില്ലാത്ത ധൈര്യം മനസിൽ വരും. എല്ലാം കഴിഞ്ഞ് തനിച്ചിരിക്കുന്പോൾ നാം ചിന്തിച്ചുപോകും ഒരു നിമിഷാർധംകൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യാൻ എനിക്കെങ്ങനെ സാധിച്ചുവെന്ന്. അതുപോലൊരു നിമിഷത്തെ ഓർത്തെടുക്കുകയാണ് മംഗലാപുരം ദേർളക്കട്ടെ ജസ്റ്റിസ് കെ .എസ്. ഹെഗ്ഡെ ആശുപത്രിയിൽ നഴ്സായ കണ്ണൂർ പയ്യാവൂർ സ്വദേശിനി നിമ്മി സ്റ്റീഫൻ.
ചെകുത്താനായി ഒരു മനുഷ്യൻ
ബസിറങ്ങി റോഡിലൂടെ നടന്നുപോകുന്ന ഒരു പെണ്‍കുട്ടി. തൊട്ടുപിന്നാലെ ബൈക്കിലെത്തുന്ന യുവാവ് അവളെ തടഞ്ഞുനിർത്തുന്നു. നിമിഷനേരത്തെ വാക്കു തർക്കത്തിനു പിന്നാലെ കൈയിൽ കരുതിവച്ച കത്തി കൊണ്ട് അവളെ കുത്തിവീഴ്ത്തുന്നു. പിടഞ്ഞുവീണ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുന്നു.
റോഡിലും പരിസരത്തുമുള്ളവർ പതിവുപോലെ കാഴ്ചക്കാരും മൊബൈൽ വീഡിയോഗ്രാഫർമാരുമാകുന്നു. ഈ കാഴ്ച ഇന്നത്തെ കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും ഉത്തരേന്ത്യയിലുമെല്ലാം ഒരുപോലെ സംഭവിക്കുന്നതാണ്. ഒരുവേള മനുഷ്യമനസുകളിൽ ചെകുത്താൻ കുടിയേറുന്പോൾ സംഭവിക്കുന്ന ഇത്തരം പൈശാചികപ്രവൃത്തികൾ പലതും അടുത്തനാളിൽ നാം കണ്ടതാണല്ലോ.
സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് ബൈക്ക് ഇടിച്ചുവീഴ്ത്തി ചുട്ടുകൊന്നതിന്റെ നടുക്കുന്ന ഓർമകൾ നിമ്മിയുടെ മനസിലും മിന്നിയിട്ടുണ്ടാവണം. നിമ്മിയെപ്പോലൊരാൾ കണ്ടിരുന്നെങ്കിൽ സൗമ്യയും രക്ഷപ്പെടുമായിരുന്നല്ലോ.
മാലാഖയായി നിമ്മി
പക്ഷേ കഴിഞ്ഞ ദിവസം മംഗലാപുരം ദേർലക്കട്ടയിൽ ഇതുപോലൊന്ന് സംഭവിച്ചപ്പോൾ എല്ലാം കൈവിട്ടെന്നു കരുതിയ നിമിഷത്തിലാണ് ദൈവത്തിന്റെ ദൂതുമായി നിമ്മിയെത്തിയത്. നഴ്സുമാരെ മാലാഖമാരെന്നു വിളിക്കുന്നത് വെറുംവാക്കല്ലെന്ന് ഒരുവട്ടംകൂടി എല്ലാവർക്കും തോന്നിപ്പോകുന്നൊരു നിമിഷം. എല്ലാം നശിപ്പിക്കാനൊരുങ്ങുന്ന വെന്പലിൽ അടുക്കാൻ ശ്രമിക്കുന്ന ഓരോരുത്തരേയും കത്തി വീശി അകറ്റിനിർത്തുകയായിരുന്നു അതുവരെയും ആ യുവാവ്.
ഒടുവിൽ നിസഹായയായ പെണ്‍കുട്ടിയുടെ ജീവനറ്റുപോകുന്ന നിമിഷം കാത്ത് അയാൾ അവളുടെ മേൽ അമർന്നുകിടക്കാൻ ശ്രമിക്കുന്പോഴാണ് ഒരു ചുവടു പോലും ഇടറാതെ നിമ്മി മുന്നോട്ടുനീങ്ങി അയാളെ പിടിച്ചുമാറ്റാനെത്തിയത്. കുത്തേറ്റു പിടയുന്ന പെണ്‍കുട്ടിയുടെ നിലവിളിയും പ്രാണവേദനയും നിമ്മിയെ അത്രമേൽ പിടിച്ചുലച്ചിരുന്നു. ജീവനുവേണ്ടി പിടയുന്ന പെണ്‍കുട്ടിയുടെ മേൽ കയറിക്കിടന്ന അക്രമിയെ സ്വന്തം ജീവനെക്കുറിച്ചുപോലും ചിന്തിക്കാതെ ആൾക്കൂട്ടത്തിനു പിന്നിൽ നിന്നോടിയെത്തിയ നിമ്മി പിടിച്ചു വലിച്ചുമാറ്റുകയായിരുന്നു.
ജീവന്റെ കാവൽക്കാരി
നിമ്മിയുടെ മുഖത്തെ ധൈര്യവും സംയമനവും കണ്ട് ഒരു നിമിഷം അക്രമിയുടെ ക്രൂര മനസുപോലും പതറിപ്പോയിരിക്കണം. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോഴേക്കാണ് ധൈര്യം പകർന്നുകിട്ടിയ മറ്റുള്ളവർ സഹായത്തിനെത്തിയത്. തൊട്ടുപിന്നാലെ നിമ്മി ജോലിചെയ്യുന്ന കെ.എസ്. ഹെഗ്ഡെ ആശുപത്രിയിലെ ജീവനക്കാരനായ ലാൻസിയും ഡ്രൈവർ പ്രവീണും ആംബുലൻസുമായെത്തി.
നാട്ടുകാരുടെ സഹായത്തോടെ ഒരു നിമിഷം പോലും കളയാതെ പെണ്‍കുട്ടിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ആശുപത്രി അധികൃതർ അടിയന്തര സംവിധാനങ്ങളൊക്കെ തയാറാക്കി വച്ചിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പൂർണബോധത്തിലേക്കു തിരിച്ചുവന്നിട്ടില്ലെങ്കിലും തന്റെ ജീവന്റെ കാവൽക്കാരിയായ നിമ്മിയുടെ മുഖം ആ മനസിലിപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടാവണം. ബോധം മറയുന്നതിനു മുന്‍പുള്ള അവസാന കാഴ്ച അതായിരുന്നല്ലോ.
നിമ്മിയുടെ വാക്കുകൾ
ജൂൺ 28. വൈകുന്നേരം 4.30. അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാൻ നിൽക്കുന്പോഴാണ് താഴെ നിന്ന് ആ നിലവിളി കേട്ടത്. അത്യാഹിതവിഭാഗത്തിന്റെ ജനലിലൂടെ നോക്കിയാൽ കാണാവുന്ന റോഡിലായിരുന്നു സംഭവം. ആദ്യം വാഹനാപകടമാണെന്നാണ് കരുതിയത്.
പിന്നീടാണ് പെണ്‍കുട്ടി കുത്തേറ്റു വീണതാണെന്നും അക്രമി സ്വയം കുത്തി മുറിവേൽപ്പിച്ച ശേഷം തൊട്ടടുത്തുതന്നെ നിൽക്കുന്നുണ്ടെന്നും മനസിലായത്. ചോരയിൽ കുളിച്ചുകിടന്ന് ജീവനുവേണ്ടി പിടയുകയായിരുന്നു അവൾ. പെട്ടെന്നുതന്നെ അങ്ങോട്ടേക്ക് ഓടി. അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പിടികിട്ടിയത്. അവളെ രക്ഷിക്കാൻ ആദ്യം അയാളെ വലിച്ചുമാറ്റണമായിരുന്നു.
സ്വയം മരിക്കാനുള്ള ശ്രമത്തിലാണ് അയാളെന്നും എനിക്കു തോന്നി. പെട്ടെന്നുതന്നെ അക്രമിയെ വലിച്ചുമാറ്റാനാണ് ശ്രമിച്ചത്. അതിനുള്ള ധൈര്യം അപ്പോൾ കിട്ടുകയും ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രിയിൽനിന്ന് ആംബുലൻസും എത്തി. അവൾ പെട്ടെന്നുതന്നെ സുഖംപ്രാപിക്കട്ടെയെന്നാണ് പ്രാർഥന. നിമ്മി പറഞ്ഞു നിർത്തി.
ആരുടേയോ മൊബൈൽ കാമറയിലോ സിസിടിവിയിലോ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിറ്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ എംബിഎ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി.
യുവാവ് മംഗലാപുരം ശക്തിനഗർ രമാശക്തി മിഷനു സമീപം താമസിക്കുന്ന ഡാൻസ് കൊറിയോഗ്രാഫറാണ്. ഇയാളാണ് പ്രണയനൈരാശ്യം മൂലം പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനിടയിൽ സ്വന്തം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവും ആശുപത്രിയിലാണ്. ഇയാൾക്കെതിരേ പോലീസ് വധശ്രമക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഴ്സുമാർ അങ്ങനെയാണ്
അഭിനന്ദനങ്ങളുടെ പ്രവാഹത്തിനിടയിലും ആരാലും അറിയപ്പെടാതെ സാധാരണക്കാരിയായി ജീവിക്കാനാഗ്രഹിക്കുകയാണ് നിമ്മി. കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി എംഡി വിനയ് ഹെഗ്ഡെ നേരിട്ടെത്തി കാഷ് അവാർഡും പ്രശസ്തിപത്രവും നിമ്മിക്ക് സമ്മാനിച്ചു. നിറ്റെ കൽപ്പിത സർവകലാശാലയുടെ ചാൻസലറും വൈസ് ചാൻസലറും നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
കണ്ണൂർ ജില്ലയിൽ പയ്യാവൂർ ഉപ്പുപടന്നയിലെ കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും ഇളയ മകളായ നിമ്മി നിറ്റെ സർവകലാശാലയിൽനിന്നു തന്നെയാണ് ബിഎസ്സി നഴ്സിംഗ് പാസായത്. സഹോദരൻമാരായ നിതിൻ ഓഡിയോളജിസ്റ്റായും മിതിൻ എൻജിനിയറായും വിദേശത്ത് ജോലിചെയ്യുകയാണ്.
നിമ്മിയെ കാണുന്പോഴും സംഭവത്തിന്റെ വിവരണം കേൾക്കുന്പോഴും അറിയാതെ ഓർത്തുപോവുന്നു, വനിതാ പോലീസ് ഉദ്യോഗസ്ഥയും വിദ്യാർഥിനികളുമൊക്കെ ആക്രമിക്കപ്പെട്ടപ്പോഴും ആരെങ്കിലുമൊരാൾ ഇതുപോലെ വന്നിരുന്നെങ്കിലെന്ന്. ഒരു നഴ്സെങ്കിലും ഉണ്ടായിരുന്നെങ്കിൽ നിമ്മിയെപ്പോലെ സ്വന്തം ജീവൻ മറന്ന് ഓടിയെത്തുമായിരുന്നുവെന്ന്. കാരണം നിമ്മി പറയുന്നതുപോലെ നഴ്സുമാർ എന്നും അങ്ങനെയാണ്. ജീവന്റെ വില നന്നായി അറിയുന്നതും ഈ മാലാഖമാർക്കാണല്ലോ.