കറാച്ചി: പാക്കിസ്ഥാനിൽ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഹൈന്ദവ വിദ്യാർഥിനിയെ കൊന്നതാണെന്ന് ബന്ധുക്കൾ. ലർക്കാനയിലെ ഡെൻറൽ കോളജിൽ നാലാം വർഷ വിദ്യാർഥിനി നമ്രിത ചാന്ദിനിയെയാണ് ഹോസ്റ്റൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബീബി അസിഫാ കോളജ് വിദ്യാർഥിനിയായിരുന്നു നമ്രിത ചാന്ദിനി.
മൃതദേഹത്തിന്റെ കഴുത്തിൽ ചരടിട്ടു കെട്ടിയിരുന്നു. മുറി അകത്തുനിന്നു പൂട്ടിയിരുന്നു. സുഹൃത്തുക്കൾ വിളിച്ചിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അധികൃതർ വാതിൽ ഇടിച്ചുതുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നമ്രിതിയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി സഹോദരൻ ഡോ.വിശാൽ ആരോപിച്ചു. കഴുത്തിൽ ചരടിട്ടു കെട്ടിയിരുന്നതിന്റെ പാട് ഉള്ളതായി അദ്ദേഹം പറഞ്ഞു.
സഹോദരിക്ക് യാതൊവിധത്തിലുള്ള സാന്പത്തിക പ്രശ്നവുമില്ല. നിമ്രിതയുടെ പോസ്റ്റ്മോർട്ടം പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിമ്രിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനി സോഷ്യൽ മീഡിയകളിൽ വൻ കാന്പെയിനാണ് നടക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾക്ക് എല്ലാ സഹായവും നൽകണമെന്ന് സിന്ധ് മുഖ്യമന്ത്രി സയിദ് മുറാദ് അലി ഷാ യൂണിവേഴ്സിറ്റി സെക്രട്ടറിക്ക് ഉത്തരവു നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.