ആക്രമികളുടെ തോക്കിനിരയായി കുടുംബത്തിലെ ഒമ്പതു പേര് കൊല്ലപ്പെടുന്നത് കണ്ട് തളരാന്‍ ആ 13കാരന് ആവുമായിരുന്നില്ല. ആറു സഹോദരങ്ങളുടെ ജീവന് അവന് രക്ഷിക്കേണ്ടത് അവന്റെ ചുമതലയായിരുന്നു. സഹോദരങ്ങളെ അവന് മലനിരകളില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂറാണ്. പിന്നീട് മനോധൈര്യത്തിന്റെ ബലത്തില്‍ മാത്രം വിശ്വസിച്ച് കൂരിരുട്ടിനെ വകവെയ്ക്കാതെ 24 കിലോമീറ്റര്‍ നടന്ന് സ്വന്തം ഗ്രാമത്തിലെത്തി സഹായം തേടുകയായിരുന്നു. മയക്കുമരുന്ന് മാഫിയ നടമാടുന്ന മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്.
കണ്മുന്നില് അമ്മയുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന ഡെവിന് ലാംഗ്ഫോര്‍ഡ് എന്ന പയ്യനാണ് തന്റെ ആറ് സഹോദരങ്ങളുമായി കൊലയാളി സംഘത്തെ പേടിച്ച് മലനിരയില്‍ ഒളിച്ചിരുന്നത്. ഒരു കുറ്റിക്കാട്ടിനുള്ളില്‍ 10 മണിക്കൂര്‍ ആ ഇരുപ്പ് ഇരുന്ന ശേഷം. സഹോദരങ്ങളെ അവിടെ ഇരുത്തി സ്വന്തം ഗ്രാമത്തിലേക്ക് രാത്രിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. 23 കിലോമീറ്റര്‍ ദൂരത്തേക്ക് നടന്നുപോയ ചേട്ടനെ കാണാതായാതോടെ ഒമ്പതു വയസ്സുകാരി അനുജത്തി മക്കന്‍സിയും പിന്നാലെ പോയി. വടക്കന്‍ മെക്സിക്കോയിലെ മലമ്പാതയില്‍ നടന്ന അക്രമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ആറു കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
മെക്സിക്കോയിലെ സ്റ്റേറ്റുകളായ സൊനോരാ ചിഹുവാഹുവ സ്റ്റേറ്റുകളുടെ അതിര്‍ത്തിയിലെ ലാമോറായില് നിന്നുള്ളവരാണ് ഇരകള്‍. തിങ്കളാഴ്ച ചിഹുവാഹുവാ സംസ്ഥാനത്തെ ബന്ധുക്കളെ കാണാനായി ലാംഗ്ഫോര്‍ഡ്, മില്ലര്‍, ജോണ്സണ് എന്നീ കുടുംബങ്ങളിലെ മൂന്ന് സ്ത്രീകളും 14 കുട്ടികളുമാണ് സോനോരയില് നിന്നും യാത്ര തിരിച്ചത്. രണ്ടു വാഹനങ്ങളിലായിരുന്നു യാത്ര. രാവിലെ ഒമ്പതു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇവരുടെ ആദ്യം വന്ന കാറിന് നേരെ മലമ്പാതയില്‍ വെച്ച് 9.40 നായിരുന്നു ആക്രമണം ഉണ്ടായത്.
വെടിയേറ്റ് വാഹനത്തിന് തീ പിടിച്ചതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. ആദ്യ വാഹനം ആക്രമിക്കപ്പെടുന്നത് കണ്ട് തങ്ങള്‍ അപകടത്തിലാണെന്ന് രണ്ടാമത്തെ കാറിലുള്ളവര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ 13 കാരന് ഡെവിന് സഹോദരങ്ങളെ കാറില്‍ നിന്നും പുറത്തിറക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മുകളില്‍ നിന്നും വെടിയുണ്ടകള്‍ മഴ പോലെ പെയ്തു കൊണ്ടിരുന്നതിനാല്‍ നിലത്ത് കിടക്കേണ്ടി വന്നു. ഒടുവില്‍ വെടിയുണ്ട വര്‍ഷം ഒന്നു ശമിച്ചപ്പോള്‍ എല്ലാ കുട്ടികളെയും വാഹനത്തില്‍ നിന്നും പുറത്തിറക്കി ചെടികളുടെ മറവിലേക്ക് മാറ്റി. ഇരകളുടെ ബന്ധു ലാഫ് ലാംഗ്ഫോര്‍ഡ് സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സഹോദരങ്ങളെ സുരക്ഷിതമായി ഒളിപ്പിച്ച ശേഷമായിരുന്നു മണിക്കൂറുകള്‍ കാല്‍നടയായി നടന്ന് ഗ്രാമത്തിലെത്തി ഡെവിന് ഗ്രാമവാസികളെ ഈ ഞെട്ടിപ്പിക്കുന്ന സംഭവം അറിയിക്കുന്നത്. എന്നാല്‍ ആദ്യ സംഘമെത്തിയപ്പോഴും വെടിവെയ്പ്പ് ഉണ്ടായി. ഇതോടെ സംഘത്തിന് തിരിച്ചുപോകേണ്ടി വന്നു. സൈനിക അകമ്പടിയോടെയാണ് പിന്നീട് തിരിച്ചുവന്ന് തെരച്ചില്‍ നടത്തിയത്. 10 മണിക്കൂറിന് മുമ്പ് വിട്ടുപോയ സഹോദരന് കുറ്റാക്കൂരിരുട്ടില് മുറിവേറ്റ കുട്ടികളെ കണ്ടെത്തുക ദുഷ്ക്കരമായിരുന്നു.
തെരച്ചിലില്‍ കാറിന്റെ സീറ്റില്‍ നിന്നും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഗ്രാമത്തിലേക്ക പോയ സഹോദരനെ കാണാതെ പോയതിനെ തുടര്‍ന്ന് തേടിയിറങ്ങിയ സഹോദരി മക്കിന്‍സിയെ മണിക്കൂറുകള്‍ തെരഞ്ഞിട്ടും കണ്ടെത്താനായില്ല.ചിഹുവാഹയിലെ ലാ ലിനി കാര്ട്ടലൂം സോണോരയിലെ സിനലോവ കാര്‍ട്ടലിന്റെ ശാഖയായ സലാസറും തമ്മില്‍ രൂക്ഷമായ പോര് നടക്കുന്ന യുദ്ധഭൂമിയിലൂടെയാണ് കുടുംബം യാത്ര ചെയ്തതെന്നാണ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മെക്സിക്കോയില്‍ ദിവസവും 100 പേര് വീതമാണ് ഈ രീതിയില്‍ കൊല്ലപ്പെടുന്നത്.