ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ് സിവിൽ സർവീസ്. സ്ഥിരതയുള്ള ഒരു ജോലി എന്നതിനപ്പുറം കാക്കി യൂണിഫോം ധരിക്കുന്നതും രാജ്യത്തെ സേവിക്കുന്നതും അഭിമാനമായാണ് യുവാക്കൾ കാണുന്നതും.
സിവിൽ സർവീസ് പരീക്ഷകൾ വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. ചിലപ്പോൾ യുപിഎസ്സിയിൽ വിജയം കൈവരിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് വർഷങ്ങളുടെ പരിശ്രമവും വേണ്ടി വന്നേക്കാം.
എന്നാൽ വാരണാസിയിൽ നിന്നുള്ള ഒരു ഒമ്പത് വയസുകാരൻ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് കുട്ടി ഐപിഎസ് ഓഫീസറായി മാറി. ബ്രെയിൻ ട്യൂമർ ബാധിച്ച് ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
രൺവീർ ഭാരതിയുടെ സ്വപ്നമായിരുന്നു സിവിൽ സർവീസ്. ഉത്തർപ്രദേശിലെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ് മുൻകൈ എടുത്താണ് ഒരു ദിവസം കുട്ടിയെ ഐപിഎസ് ഓഫീസറാക്കിയത്.
എഡിജി സോൺ വാരണാസി എക്സിൽ പങ്കിട്ട പോസ്റ്റിൽ പോലീസ് യൂണിഫോം ധരിച്ച് രൺവീർ ഒരു ക്യാബിനിനുള്ളിൽ ഇരിക്കുന്നത് കാണാം. യുപി പോലീസിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു.
ഉദ്യോഗസ്ഥർ രൺവീറിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. വീഡിയോയുടെ അവസാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ രൺവീറുമൊത്തുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതും കാണാം.
‘9 വയസ്സുള്ള രൺവീർ ഭാരതി വാരണാസിയിലെ മഹാമന കാൻസർ ഹോസ്പിറ്റലിൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ്. അത്തരമൊരു സാഹചര്യത്തിൽ ഒരു ഐപിഎസ് ഓഫീസറാകാനുള്ള ആഗ്രഹം രൺവീർ പ്രകടിപ്പിച്ചു. അതിനാൽ വാരണാസി എഡിജി ഓഫീസിൽ വച്ചാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റിയത്’ എഡിജി സോൺ വാരണാസി എക്സിൽ കുറിച്ചതിങ്ങനെ. ഹൃദയസ്പർശിയായ ഈ സംഭവത്തിന് സോഷ്യൽ മീഡയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.