തിരൂർ: ഓട്ടമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് ആസ്യ(51) കുഴഞ്ഞുവീണത്.
അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റിൽ കുടുങ്ങിയാണ് മുഹമ്മദ് സിനാൻ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിലേക്ക് നമസ്കാരത്തിന് പോകുമ്പോഴാണ് കുട്ടി ഗേറ്റിൽ കുടുങ്ങിയത്.
ഈ വഴി നടന്നുപോയ നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂർ എംഇടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.