വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുകാരനെ ഒന്ന് കൊന്നു തരൂവെന്ന് പിതാവ് കോടതിയില്‍ ! എന്നാല്‍ കുഞ്ഞിന് ചികിത്സ വിധിച്ച് കോടതി; ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച് മകന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി…

ചെന്നൈ: ജനിതക പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്‍ മകനെ ദയാവധത്തിനു വിധേയമാക്കണമെന്ന ആവശ്യവുമായാണ് ആ പിതാവ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി അക്ഷരാര്‍ഥത്തില്‍ അയാളെ ഞെട്ടിച്ചു. അബോധാവസ്ഥയില്‍ തുടരുന്ന മകന്‍ ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ചു കൊണ്ട് പരസഹായമില്ലാതെ എഴുന്നേറ്റിരുന്നു, വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിച്ചു. മകന്റെ ദുരിതം ഇനിയും കാണാനാകാതെ ഒന്നു കൊന്നുതരൂ എന്ന് വിലപിച്ച പിതാവിന്റെ കണ്ണീരിന് ഒടുവില്‍ അറുതിയാവുകയായിരുന്നു. അച്ഛന്റെ ഹര്‍ജിയില്‍ കോടതി നടത്തിയ ഇടപെടലാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തുകയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തത്.

അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് ഈ കുഞ്ഞു ആണ്‍കുട്ടി അബോധാവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു. മാസം പതിനായിരം രൂപയിലേറെ വരുന്ന ചികിത്സാ ചെലവ് ഈ പിതാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തുടര്‍ന്നാണ് ഒന്‍പതുവയസുകാരന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലേക്ക് പിതാവിന്റെ ഹര്‍ജി എത്തുന്നത്. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുകയും ചികിത്സകളൊന്നും ഫലം കാണുന്നില്ലെന്നും. ഇതിനാല്‍ ആഹാരവും മരുന്നും കൊടുക്കാതെ പരോക്ഷ ദയാവധം അനുവദിക്കണമെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജി. ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുള്‍ ഖുദോസ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.

അതിനിടെ കുട്ടിക്ക് ട്രിഗര്‍ പോയിന്റ് തെറാപ്പി എന്ന ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിച്ചു. ഇതോടെ ഒന്‍പതു വയസുകാരന് പുതിയ ചികിത്സ ആരംഭിച്ചു. ഓഗസ്റ്റിലായിരുന്നു കോടതിയുടെ നടപടി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ചികിത്സകള്‍ തുടരുമ്പോള്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായിരിക്കുന്നത്. പരസഹായമില്ലാതെ കുട്ടി എഴുന്നേറ്റ് ഇരിക്കാനും ആരംഭിച്ചു. നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിന്റെ വീഡിയോ സഹിതം കോടതിയില്‍ ഹാരജരാക്കിയിട്ടുണ്ട്. ദൈവത്തിന്റെ കരങ്ങളാണ് കുട്ടിയെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയതെന്ന് പിതാവ് പറയുന്നു.

Related posts