തോട്ടില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ മൂന്നു വയസുകാരന് മുഹമ്മദിന് ജീവിതം തിരികെ ലഭിക്കാന്‍ കാരണമായത് മയൂഖ എന്ന ഒമ്പതു വയസുകാരിയുടെ ധൈര്യം. ചെക്യാട് ചെറുവത്താഴത്തോട്ടില്‍ വീണ വേങ്ങോല്‍ മൂസ്സയുടെയും സക്കീനയുടെയും മകന് മുഹമ്മദിനെയാണ് മയൂഖ സാഹസികമായി രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരന്മാര്ക്കൊപ്പം രക്ഷിതാക്കളറിയാതെ ഇറങ്ങി പുറപ്പെട്ടതായിരുന്നു മുഹമ്മദ്. തോട്ടിന്റെ താഴ്ന്ന ഭാഗത്ത് മുഹമ്മദിന്റെ സഹോദരന്മാര് കുളിക്കുന്നതിനിടെ കരയിലെ കല്ലില്‍ കാഴ്ചകള്‍കണ്ട് ഇരിക്കുകയായിരുന്നു മുഹമ്മദ്.
ഈ സമയം മയൂഖയും സഹോദരിയും തോട്ടില്‍ കുളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ മുഹമ്മദ് ഉറക്കം തൂങ്ങി തോട്ടിലേക്ക് വീണ് ഒഴുകിപ്പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട മയൂഖ നീന്തിയെത്തി വെള്ളത്തില്‍ മുങ്ങിത്താണ കുട്ടിയെ സാഹസികമായി രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു.
ഇതിനിടെ കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്കി. മയൂഖയുടെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു. വേങ്ങോല്‍ മനോജന്റെയും പ്രേമയുടെയും മകളാണ് മയൂഖ. ചെക്യാട് ഈസ്റ്റ് എല്‍.പി. സ്കൂള്‍ നാലാംതരം വിദ്യാര്‍ഥിനിയാണ്.