വൈക്കം: പ്രണയം നിരസിച്ചതിനെ തുടർന്ന് അരുംകൊല ചെയ്യപ്പെട്ട നിതിനമോളുടെ മാതാവ് ബിന്ദുവിനെ സാന്ത്വനിപ്പിക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി നിതിനയെ സംസ്കരിച്ച വൈക്കം തുറുവേലിക്കുന്നിലെ വീട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് വനിതാ കമ്മീഷൻ അധ്യക്ഷ എത്തിയത്.
മാധ്യമ പ്രവർത്തകരെ ഒഴിവാക്കി അധ്യക്ഷ അടച്ചിട്ട മുറിയിൽ ബിന്ദുവുമായി അര മണിക്കൂറോളം സംസാരിച്ചു. പിന്നീട് മാധ്യമ പ്രവർത്തകരെ കണ്ട പി.സതീദേവി എല്ലാ അസുഖവും മറക്കാൻ ബിന്ദുവിനെ സഹായിച്ചിരുന്ന മുഖമാണ് അവർക്ക് നഷ്ടമായതെന്ന് അഭിപ്രായപ്പെട്ടു.
നിഷ്ഠൂരമായ ഈ സംഭവം നടത്തിയ ശേഷമുള്ള പ്രതി അഭിഷേകിന്റെ പെരുമാറ്റവും തെളിവെടുപ്പിനു ശേഷമുള്ള പെരുമാറ്റവും കണ്ടുകഴിഞ്ഞാൽ വളരെ ആസൂത്രിതമായിട്ടാണ് നിഷ്ഠൂരമായ പ്രവൃത്തി ചെയ്തതെന്ന് മനസിലാകും.ഈ ഹീനകൃത്യം ചെയ്യാനുള്ള പക രൂപപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കപ്പെടണം.
തന്നോട് ബിന്ദു പറഞ്ഞ ചില കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. അക്കാര്യങ്ങൾ ബിന്ദു മജിസ്ട്രേറ്റിന്റെ മുന്നിൽ പറയും. പോലിസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ വനിതാ കമ്മീഷൻ ഇടപെടും.യുവാക്കളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനുള്ള ശക്തമായ നടപടികളും ബോധവത്കരണവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങൾ വെളിവാക്കുന്നത്. കണ്ണൂരിൽ യുവതിയെ കൊലപ്പെടുത്തിയയാൾ ഇതര സംസ്ഥാനത്തു പോയി തോക്കു വാങ്ങി പതിയിരുന്നു കൃത്യം നടത്തിയതും ഇവിടെ ആയുധം വാങ്ങി കാത്തുനിന്നു ക്രൂരമായി സഹപാഠിയെ കൊലപ്പെടുത്തിയതും ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാനാകില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
പി. സതീദേവിക്കൊപ്പം കമ്മീഷൻ അംഗം ഇ.എം. രാധ, കൃഷ്ണകുമാരി രാജശേഖരൻ, കവിതാ റെജി തുടങ്ങിയവരുണ്ടായിരുന്നു.