കോട്ടയം: സഹപാഠിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നിയമസഹായം ലഭിച്ചോയെന്ന് പോലീസ് അന്വേഷിക്കുന്നു.കേസിൽ അറസ്റ്റിലായ അഭിഷേക് ബൈജു (20) ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം.
സഹപാഠി നിതിനമോളെ (22) കൊലപ്പെടുത്തണമെന്ന് ഉദ്യേശമില്ലായിരുന്നെന്നും തന്റെ കൈ ഞരന്പ് മുറിച്ചു പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും അഭിഷേക് കൃത്യത്തിനുശേഷം പോലീസിനു നൽകിയ പ്രഥമ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനുള്ള പ്രതിയുടെ ശ്രമത്തിന്റെ ഭാഗമാണോ ഇത്തരത്തിലൊരു മൊഴി നൽകിയതെന്നാണു പോലീസ് പരിശോധിക്കുന്നത്. കൊലപാതകം ചെയ്യാനുള്ള രീതി ഓണ്ലൈനിൽനിന്നും മനസിലാക്കിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനായി അഭിഷേകിന്റെ മൊബൈൽ ഫോണ് സൈബർ സെല്ലിന്റെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഒരാളെ പെട്ടെന്ന് എങ്ങനെ കൊല്ലാം എന്നത് ഗൂഗിൾ വഴി മനസിലാക്കിയോ എന്നുള്ളതും പോലീസ് അന്വേഷണ പരിധിയിൽ വരും.
വ്യക്തമായ ആസൂത്രണത്തോടെയാണു പ്രതി എത്തിയതെന്ന നിഗമനത്തിലേക്കാണ് പോലീസ് നീങ്ങുന്നത്.അഭിഷേക് ബൈജുവിന്റെ (20) പോലീസ് കസ്റ്റഡി ഇന്നു പൂർത്തിയാക്കും. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായതായി എസ്എച്ച്ഒ കെ.പി. ടോംസണ് അറിയിച്ചു.
എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനായി സിസിടിവി ദൃശ്യങ്ങളും ഫോറൻസിക്, മെഡിക്കൽ വിദഗ്ധരുടെ റിപ്പോർട്ടുകളും ആവശ്യമായി വന്നിട്ടുണ്ട്. ഇന്നലെ അഭിഷേകിന്റെ കൂത്താട്ടുകുളം ഉപ്പനായിൽ പുത്തൻപുരയിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പുതിയ ബ്ലേഡിന് മുന്പ് അഭിഷേക് കട്ടറിൽ ഉപയോഗിച്ചിരുന്ന പഴയ ബ്ലേഡ് വീട്ടിൽനിന്നും കണ്ടെടുത്തു. സംഭവദിവസം രാവിലെ കോളജിലെത്തി ബൈക്ക് ഒളിപ്പിച്ച അവസ്ഥയിലായിരുന്നു. ഇത് കോളജ് പരിസരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
പാലാ സെന്റ് തോമസ് കോളജ് കാന്പസിൽ കഴിഞ്ഞ ഒന്നിന് രാവിലെ 11.20 ഓടെ പരീക്ഷ എഴുതിയശേഷം പുറത്തിറങ്ങിയ തലയോലപ്പറന്പ് കുറുന്തറ കളപ്പുരയ്ക്കൽ കെ.എസ്. ബിന്ദുമോളുടെ മകൾ നിതിനമോളെ (22) സ്പോഞ്ച് കട്ടർ ഉപയോഗിച്ചാണ് കഴുത്തറത്തു കൊലപ്പെടുത്തിയത്.