ഒറ്റപ്പാലം: ഭർത്തൃവീട്ടിൽ യുവതി മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. കേസ് തേച്ചുമാച്ചുകളയാൻ പോലീസ് ശ്രമിച്ചതായി പരാതി.
പാലപ്പുറം പൂളക്കാപ്പറന്പ് വാലോലിക്കൽ വീട്ടിൽ വർഗീസിന്റെ മകൾ നിഷ (28) മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിനാണ് കടന്പഴിപ്പുറത്തെ ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കൊലപാതകമാണെന്ന് ആരോപിച്ച് നൽകിയ പരാതി പോലീസ് അവഗണിച്ചതായാണ് പിതാവ് വർഗീസ് പറയുന്നത്.
ഭർത്താവിന്റെ വീട്ടിൽ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കഴിഞ്ഞ ജൂണ്‍ മാസത്തിൽ യുവതിയെ പാലപ്പുറത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
തുടർന്ന് യുവതി സ്വകാര്യസ്ഥാപനത്തിൽ ജോലിക്കും പോയിത്തുടങ്ങിയിരുന്നു. ജൂലൈ മാസത്തിൽ ഭർത്താവിന്റെ വീട്ടുകാരെത്തി ചർച്ചക്കൊടുവിൽ തിരിച്ചുകൊണ്ടുപോയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം നടന്നതെന്നും പിതാവ് പറഞ്ഞു.
ഒന്‍പതുമാസം പ്രായമായ ഒരു കുഞ്ഞുൾപ്പെടെ മൂന്ന് മക്കളുണ്ടായിരുന്ന യുവതി ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല. മൃതദേഹത്തിന്റെ തലയ്ക്ക് പിറകിലും മറ്റ് ചില ഭാഗങ്ങളിലും മുറിവുണ്ടായിരുന്നു.
ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ഇതിൽ ഗൗരവമായ അന്വേഷണം നടന്നില്ലെന്നുമാണ് പരാതി. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായിട്ടില്ലെന്നാണ് ആരോപണം.
എന്നാൽ പരാതി നൽകിയശേഷം അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ പിന്നീട് ആത്മഹത്യാപ്രേരണാക്കുറ്റമുൾപ്പെടെ ചുമത്തി ഭേദഗതി ചെയ്തിരുന്നു.
ആത്മഹത്യാക്കുറിപ്പുൾപ്പെടെ കണ്ടെത്തിയിരുന്നുവെന്നും ശ്രീകൃഷ്ണപുരം പോലീസ് പറയുന്നു. എന്നാൽ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലന്നാണ് യുവതിയുടെ മാതാപിതാക്കളുടെ പരാതി.