അന്പലപ്പുഴ: നിപ്പാ സംശയത്തെത്തുടർന്ന് 56 കാരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് പൂക്കോടുള്ള ഭാര്യവീട്ടിൽ കഴിഞ്ഞ ഒരു മാസമായി താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ 22 ന് അടൂരിലെ വീട്ടിലെത്തിയതിനുശേഷം് കടുത്ത പനിയും, തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പനി കഠിനമായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി 1030 ഓടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ നേരിട്ട് ഐസുലേഷൻ വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. ഡോക്ടർമാരുടെ സംഘം രോഗിയെ പരിശോധിച്ചു.
ഇയാളുടെ രക്തസാന്പിൾ പൂനയിലെ നാഷണൽവൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് രോഗനിർണയം നടത്തുമെന്ന് അധികൃതർ പറഞ്ഞു. സാധാരണ നിപ്പ വൈറസ് ബാധ ഉണ്ടായാൽ രോഗിക്ക് 12 മണിക്കൂറിനകം ബോധം മറയാറാണ് പതിവ്. എന്നാൽ അത്തരത്തിലുള്ള ഗുരുതരാവസ്ഥയിലല്ല രോഗി. ഇയാൾക്ക് നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.