കോട്ടയം: കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നിപ്പാ വൈറസ് മൂലമുളള പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ആശുപത്രി ജീവനക്കാർ വ്യക്തി സുരക്ഷ നടപടികൾ കൃത്യമായി പാലിക്കണം. ഉപകരണങ്ങൾ ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിച്ച് അണുനശീകരണം നടത്തണം.
പരിശോധനയ്ക്കായി രോഗിയുടെ രക്തം, വിസർജ്യങ്ങൾ എന്നിവ ശേഖരിക്കുന്പോൾ സാർവത്രിക മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ഡ്യൂട്ടി സമയത്തിന് ശേഷം വസ്ത്രം മാറി കുളിക്കണം. പനി ലക്ഷണങ്ങളുണ്ടായാൽ വിദഗ്ധ ചികിത്സ തേടണം.
പൊതുജനങ്ങൾ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുമായി സന്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. തുറന്ന് വച്ച പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് ഒഴിവാക്കുക.
പനിയോടൊപ്പം ശക്തമായ തലവേദന, ഛർദ്ദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ, തുടങ്ങിയ രോഗലക്ഷണങ്ങൾ ഉളളവർ ഡോക്ടറെ സമീപിച്ച് വിദഗ്ദ്ധ ചികിത്സ തേടണം. ചുമയക്കുന്പോഴും തുമ്മുന്പോഴും ടവൽ, തോർത്ത് കൊണ്ട് വായ് മൂടണം.