കോഴിക്കോട്: ഭീതിപരത്തിയ നിപ്പാവൈറസ് സമൂഹത്തിലേക്ക് പകരുന്നില്ലെന്ന് വൈറസ്ബാധ തിരിച്ചറിഞ്ഞ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍ . ഒരാളിലേക്കാണ് വൈറസ് പകര്‍ന്നത്. പിന്നീട് ഇദ്ദേഹം വഴി മറ്റുള്ളവരിലേക്കെത്തുകയായിരുന്നു. അല്ലാതെ സമൂഹത്തിലൂടെ രോഗം മറ്റൊരാള്‍ക്കും പകര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടു പേര് മരിച്ചപ്പോള്‍ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ നിപ്പാവൈറസ് ബാധയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞതിലൂടെ കേരളം ലോകത്തിനു തന്നെ മാതൃകാപരമായ പ്രവര്‍ത്തമാണ് നടത്തിയിട്ടുള്ളത്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. എല്ലാ വവ്വാലിലും വൈറസുണ്ടാവുന്നില്ല. ഉള്ള വവ്വാലില്‍ നിന്നും എല്ലാസമയത്തും വൈറസ് പടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ശരീരത്തില്‍ എത്തിയാലും രോഗം മൂര്‍ച്ഛിച്ചാല്‍ മാത്രമേ മറ്റൊരാളിലേക്ക് പകരുന്നുള്ളൂ. അതിനാലാണ് മരിച്ചവരുടെ വീട്ടിലുള്ളവര്‍ക്കെല്ലാം രോഗം പിടിപെടാതിരിക്കുന്നതിനും ആശുപത്രിയില്‍ ചികിത്സിച്ചവര്ക്കു രോഗം പിടിപെടുന്നതിനും കാരണം. വായുവിലൂടെ നിപ്പാവൈറസ് പടരുന്നില്ല. രോഗിയുമായി ഏറ്റവും അടുത്ത് പെരുമാറുമ്പോള്‍ മാത്രമാണ് പകര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.