കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്. ഇയാൾ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിപ്പാ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. ഇതുവരെ 160 പേരുടെ രക്ത സാമ്പിളുകളാണ് മണിപ്പാൽ വൈറസ് റിസർച്ച് സെന്ററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്. അതേസമയം, നിപ്പാ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വൻതോതിൽ മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്.
നിപ്പാ വൈറസ് ബാധിതരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടുപേരും സ്വകാര്യാശുപത്രികളില്‍ രണ്ടുപേരുമടക്കം 10 പേര് ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. നിപ്പാ ലക്ഷണം സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന ഒന്‍പതുപേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു.