കോഴിക്കോട് : നിപ്പാ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ പതിനൊന്നോടെ വിമാനത്തില്‍ ഭോപ്പാലിലേക്ക് തിരിച്ചത്.
പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലാണ് പരിശോധന നടത്തുക. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കും.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.സി.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലിനെ പിടികൂടിയത്. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്കുബേറ്ററിലാക്കിയാണ് എത്തിക്കുന്നത്. എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച ഇന്‍കുബേറ്ററിലാണിപ്പോള്‍ വവ്വാല്.
അതേസമയം ഈ വവ്വാലില്‍ നിപ്പാ വൈറസുണ്ടോയെന്ന് പറയാനവാവില്ല. വിശദമായ നിരീക്ഷണം ഇനിയും തുടരാനാണ് മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ മനുഷ്യരൊഴികെയുള്ള എല്ലാ ജീവജാലങ്ങളുടേയും സാമ്പിളുകള്‍ വീണ്ടും ഭോപ്പാലിലേക്ക് അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.