കോഴിക്കോട്: നിപ്പാവൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും അന്വേഷിക്കും. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.
സാബിത്തിന്റെ യാത്രകളെ കുറിച്ചും ആരല്ലൊമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി സഹകരിക്കുമെന്ന് എസ്പി ദീപികയോടു പറഞ്ഞു. മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.
സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.