സ്വന്തം ലേഖകൻ
കൊച്ചി: നാടിനെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായതോടെ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയുന്നു. വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും സമീപത്തുള്ള വയനാട്, കണ്ണൂർ ജില്ലകളിലേക്കുമുള്ള സഞ്ചാരികളുടെ വരവിനെയാണ് ഗണ്യമായി ബാധിച്ചിരിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ സീസണായതിനാൽ ഈ വിഭാഗത്തിൽപ്പെട്ട സഞ്ചാരികളാണ് യാത്ര റദ്ദാക്കുന്നതിൽ അധികവും.
വിദേശസഞ്ചാരികളും യാത്ര വേണ്ടെന്നു വയ്ക്കുന്നുണ്ടെന്നു കോണ്ഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റും എയർ ട്രാവൽ ഇന്റർപ്രൈസസ് ഗ്രൂപ്പ് സിഎംഡിയുമായ ഇ.എം. നജീബ് പറഞ്ഞു. എത്ര നഷ്ടം ടൂറിസം വ്യവസായത്തിന് ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കി വരുന്നതേയുള്ളൂ. 30 മുതൽ 50 കോടി രൂപ വരെ നഷ്ടം ഉണ്ടായതായി മാധ്യമങ്ങളിൽ വരുന്നത് പെരുപ്പിച്ച കണക്കാണ്.
നിപ്പാ ബാധയുടെ പശ്ചാത്തലത്തിൽ ഏതാനും ഗൾഫ് രാജ്യങ്ങളും പല ഇന്ത്യൻ സംസ്ഥാനങ്ങളും കേരളത്തിലേക്കുള്ള സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫിലെ അവധിക്കാലം അടുത്തമാസം തുടങ്ങാനിരിക്കെ, രോഗപ്പകർച്ച കൂടുതലായി ഉണ്ടായാൽ അത് അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിനെ കൂടുതലായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ചാരികളിൽ ഭീതി ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണെന്നു പ്രമുഖ ഹോട്ടൽ വ്യവസായിയും സിജിഎച്ച് എർത്ത് ഹോട്ടൽസ് ഡയറക്ടറുമായ ജോസ് ഡൊമിനിക് പറഞ്ഞു. രോഗം സ്ഥിരീകരിച്ച ദിവസങ്ങളിൽ ഉണ്ടായിരുന്നത്ര കാൻസലേഷൻ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഉണ്ടായിട്ടില്ല. യാത്ര റദ്ദാക്കുകയല്ല യാത്ര നീട്ടിവയ്ക്കുകയാണ് അധികം പേരും ഇപ്പോൾ ചെയ്യുന്നത്. രോഗപ്പകർച്ച വ്യാപകമായാൽ യാത്ര പൂർണമായും ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തും.
ഈ മാസങ്ങളിൽ വിദേശസഞ്ചാരികളെത്തെത്തുന്നത് പ്രധാനമായും ആയുർവേദ ചികിത്സയ്ക്കാണ്. അവർക്ക് കാഴ്ച കണ്ടു നടക്കുന്ന ശീലമില്ലാത്തതിനാൽ നിപ്പാ അവർക്കു കാര്യമായ ഭീഷണിയല്ല. അവർ ചികിത്സയ്ക്കായി പോകുന്ന സ്ഥലങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുമില്ല. സഞ്ചാരികൾ കേരളീയ ഭക്ഷണം ആസ്വദിക്കുന്നതിനു വഴിയോര ഹോട്ടലുകൾ സന്ദർശിക്കുന്നത് വ്യാപകമായി കണ്ടുവരുന്നതാണ്.
എന്നാൽ അത്തരം ശീലങ്ങൾ രോഗഭീതിമൂലം സഞ്ചാരികൾ ഒഴിവാക്കുകയാണ്. ആരോഗ്യവകുപ്പ് രോഗം നിയന്ത്രണവിധേയമാക്കി നല്കുന്ന ഉറപ്പ് ഒന്നു മാത്രമായിരിക്കും സഞ്ചാരികളുടെ തീരുമാനത്തെ നിർണായകമായി സ്വാധീനിക്കുക. അതിന് അധികൃതർക്ക് സാധിക്കണമെന്നും ജോസ് ഡൊമിനിക് പറഞ്ഞു.
സംസ്ഥാനത്തെ മൊത്തം വിനോദസഞ്ചാരികളുടെ വരവിൽ 10 ശതമാനത്തോളം ഇടിവ് ഉണ്ടായതായാണ് കരുതുന്നതെന്ന് അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സ് എംഡി റിയാസ് അഹമ്മദ് പറഞ്ഞു. സാധാരണ ഗതിയിൽ വേനൽ അവധിക്കാലത്തെ അവസാന ആഴ്ചകളിൽ അനുഭവപ്പെടാറുള്ളത്ര തിരക്ക് റിസോർട്ടുകളിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.