കേരളത്തില്‍ നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയാണ് സംസ്ഥാനം പുലര്‍ത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന വണ്ണം വ്യാജ പ്രചരണങ്ങളും അഴിച്ചു വിടുകയാണ്.
ഇതിനിടയിലാണ് കോഴികളില്‍ക്കൂടി നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടേതെന്ന വ്യാജേന ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ വ്യാജസന്ദേശത്തിനെതിരെ കര്‍ശനമുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു അധികൃതര്‍ പറഞ്ഞു.
‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു’ ഇതായിരുന്നു ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍. എന്നാല്‍ കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. യഥാര്‍ഥ പ്രതി വവ്വാലാണ്. വവ്വാലിന്റെ വിസര്‍ജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തല്‍.
എന്നാല്‍ നായ്ക്കളും പൂച്ചകളും അടക്കം വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ ശരീരത്ത് നിപ്പ ബാധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് കണ്ടെത്തല്‍.
എന്നാല്‍, ഇവ നിപ്പ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളര്‍ത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങള്‍ ദേഹത്തു സ്പര്‍ശിച്ചാല്‍ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.
പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങള്‍ കഴിക്കരുത്. മറ്റു പഴങ്ങള്‍ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ പനിയുള്ളവര്‍ കഴിക്കുന്നതു നല്ലതാണ്. കിണര്‍വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് വിവരം കാരണം വവ്വാലുകളുടെ വിസര്‍ജ്യങ്ങള്‍ വീഴാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.