കൊച്ചി: കൊച്ചി: ഒത്തൊരുമയോടെയും അച്ചടക്കത്തോടെയുമുള്ള മുന്നൊരുക്കങ്ങൾ, ഒരിഞ്ചുപോലും പിന്നാക്കം പോകാതെയുള്ള പ്രവർത്തനങ്ങൾ, ഇതല്ലൊം ഒത്തുവന്നപ്പോൾ ജില്ലയോട് വിടപറഞ്ഞ് നിപ്പ. നാട്ടുകാരെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ നിപ്പയിൽനിന്നും കൊച്ചി പൂർണമായും വിമുക്തമായെന്നു ഇന്നു രാവിലെ മന്ത്രി കെ.കെ. ശൈലജയാണു ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
നിപ്പ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്ന യുവാവ് ഡിസ്ചാർജാകുന്നതുമായി ബന്ധപ്പെട്ട് നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. യുവാവിന്റെ ബന്ധുക്കളും ചികിത്സയ്ക്കു നേതൃത്വം നൽകിയവരുമടക്കം നിരവധിപേർ ആശുപത്രിയിലെത്തിയിരുന്നു. പറവൂർ വടക്കേക്കര സ്വദേശിയായ യുവാവാണു രണ്ടു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയത്.
മെയ് 30 നാണ് യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിനു നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപ്പ ബാധ സ്ഥിരീകരിച്ചതോടെ കൊച്ചിയിൽ ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
മന്ത്രി കെ.കെ. ശൈലജ കൊച്ചിയിൽ തങ്ങിയാണു പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചത്. യുവാവിനെ പരിചരിച്ച നഴ്സുമാരും സന്പർക്കം പുലർത്തിയവരുമടക്കം മുന്നൂറിലധികംപേരുടെ പട്ടിക തയാറാക്കി ഇവരെ നിരന്തരമായി നിരീക്ഷിക്കുകയും സംശയം തോന്നിയവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രത്യേകം തയാറാക്കിയ ഐസലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
നിപ്പ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രത്തിൽനിന്നടക്കം വിദഗ്ധ സംഘം കൊച്ചിയിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. രോഗം നിയന്ത്രണവിധേയമായിട്ടും ആരോഗ്യ വകുപ്പ് നീരീക്ഷണം തുടർന്നിരുന്നു.