കൊച്ചി: കേരളം വീണ്ടും നിപ്പ ഭീതിയിൽ നിൽക്കവെ വൈറോളജി ലാബിന്റെ പേരിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും കുറ്റപ്പെടുത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനു മറുപടിയുമായി ഇൻഫോ ക്ലിനിക്കിലെ ഡോക്ടർ. ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്നും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ഡോ. നെൽസണ്‍ ജോസഫ് ആവശ്യപ്പെട്ടു. പുര കത്തുന്നെന്ന് ഫ്ളാഷ് ന്യൂസ് കാണുന്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അഭ്യർഥിച്ചു.
ഡോ. നെൽസണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട കെ. സുരേന്ദ്രൻ ജീ,
താങ്കളുടെ പോസ്റ്റ് വായിക്കുവാനിടയായി.
തീർച്ചയായും, കഴിഞ്ഞ വർഷം ജനങ്ങളുടെയിടയിൽ അത്യധികം ഭീതിയും പരിഭ്രാന്തിയും വിതച്ച ഒരു രോഗമാണ് നിപ്പ. ഒരു പരിധി വരെ അതിനു കാരണം അജ്ഞതയും അബദ്ധസന്ദേശങ്ങളുമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. 25 പേരിൽ താഴെ മാത്രം മരണമുണ്ടായ നിപ്പയ്ക്ക് വർഷം നാലായിരം പേർ മരിക്കുവാനിടയാവുന്ന, എല്ലാ വർഷവും ആവർത്തിക്കുന്ന വാഹനാപകടങ്ങളെക്കാൾ നൂറിരട്ടി ഭീതി പരത്താൻ കഴിയുന്നുവെന്നതുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്താൻ എന്നെ പ്രേരിപ്പിച്ചത്.
തികച്ചും അപരിചിതമായ ഒരു രോഗമായിരുന്നു അന്ന് അത് എന്ന വാസ്തവം കണ്ണടച്ചാൽ മാറുന്നതല്ല. അപരിചിതത്വം ഉണ്ടായിരുന്നിട്ടുതന്നെ ഫലപ്രദമായി അതിനെ പ്രതിരോധിക്കാനും തടയാനും കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെയും വിവിധ തലത്തിലെ ആരോഗ്യപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ ശ്രമഫലമായാണ്. കേരളം നന്പർ വണ്‍ ആയതും ആവുന്നതും അങ്ങനെ തുടരുന്നതും ആ കൂട്ടായ ശ്രമത്തിലൂടെയാണ്.
പകർച്ചവ്യാധികൾ പോലെയുള്ള സാഹചര്യമുണ്ടാവുന്പോൾ ശരിയായ വിവരങ്ങൾ മാത്രം നൽകുവാനും ഉൗഹാപോഹങ്ങൾ ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നത് അവിടെയാണ്. സ്വഭാവികമായും ഒരു തവണ ഒരു രോഗത്തിന്റെ സാന്നിധ്യമുണ്ടായാൽ സമാന ലക്ഷണങ്ങൾ കാണുന്പോൾ ആരോഗ്യപ്രവർത്തകർ ആ രോഗത്തിന്റെ സാന്നിധ്യം സംശയിക്കും. അതിനർഥം രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടുവെന്നോ എല്ലാം ഇന്ന് അവസാനിക്കുമെന്നോ അല്ല.
ഇനിയും നിപ്പ വന്നാൽ തന്നെ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും എന്തെല്ലാം സജ്ജീകരണങ്ങളാണ് കരുതേണ്ടതെന്നതിന്റെയും വ്യക്തമായ രൂപരേഖ നമ്മുടെ മുന്നിലുണ്ട്. ലക്ഷണങ്ങളും പ്രതിരോധമാർഗങ്ങളുമുണ്ട്. സ്വീകരിക്കേണ്ട മുൻ കരുതലുകളുണ്ട്. ആരോഗ്യവകുപ്പ് അവർ സ്വീകരിച്ച മുൻ കരുതലുകൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിപ്പ കഴിഞ്ഞ തവണ ചികിൽസിച്ച് പരിചയമുള്ള ഡോക്ടർമാർ എറണാകുളത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു.
ദയവ് ചെയ്ത് അനാവശ്യ പരിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീർക്കരുത്. ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്ന് മനസിലാക്കുമല്ലോ. പുര കത്തുന്നെന്ന് ഫ്ളാഷ് ന്യൂസ് കാണുന്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്. ഉൗഹാപോഹങ്ങൾ കാട്ടുതീ പോലെയാണ്. പെട്ടെന്ന് പടരും, നാശനഷ്ടങ്ങളുണ്ടാക്കും. ദയവു ചെയ്ത് മനസിലാക്കുക. താങ്കൾക്ക് ജനങ്ങളെക്കുറിച്ച് ആത്മാർഥമായ ആശങ്കയുണ്ടെങ്കിൽ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ അവരെ അറിയിക്കുക.
നേരത്തെ, പിണറായി സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരേ വിമർശനവുമായി കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും ഫണ്ടും കേന്ദ്രത്തിൽനിന്നു ലഭിച്ച് അഞ്ചു വർഷമായിട്ടും അതിനുള്ള ഒരു നടപടിയും പൂർത്തീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നു സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളം നന്പർ വണ്‍ എന്നു വെറുതെ പറഞ്ഞതുകൊണ്ടായില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.