കോഴിക്കോട്: നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട ു കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ , മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
അസ്വാഭാവിക മരണങ്ങളിൽ…
അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപ്പയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപ്പയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡുകള്‍ നിപ്പ പരിചരണത്തിനായി സജ്ജമാക്കി. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡില്‍നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്.
ലാബ്
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തും. മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്കാന് ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.
കണ്ട്രോള് റൂംപ്രവര്ത്തനമാരംഭിച്ചു
കോഴിക്കോട് ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ്പ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.