സ്വന്തം ലേഖകന്‍
കോഴിക്കോട് : നിപ്പ ബാധിച്ചു മരിച്ച കുട്ടിക്ക് ആടില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന സംശയം തള്ളി മൃഗസംരക്ഷണവകുപ്പ്. ആടുകള്‍ നിപ്പ വാഹകരായ ജീവികളുടെ പട്ടികയിലില്ലന്നു സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് വ്യക്തമാക്കി.
മരിച്ച കുട്ടിയുടെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ഇതില്‍ ഒരാടിനു നേരത്തെ അസുഖമുണ്ടായിരുന്നതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് വെറ്ററനറി ഡോക്ടര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ആടിനു രണ്ടുമാസം മുമ്പായിരുന്നു രോഗമുണ്ടായിരുന്നത്. ചികിത്സ ലഭിച്ചതിനാല്‍ ആട് ഇപ്പോഴും ജീവനോടെയുണ്ട്.
ആടിന് മരിച്ച കുട്ടി മരുന്ന് നല്‍കിയെന്ന അഭ്യൂഹവും നിലനിന്നുരുന്നു. എന്നാല്‍ ആടിനു വൈറസ് ബാധയേറ്റിട്ടില്ലെന്നും മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ആടിനെ കേന്ദ്രീകരിച്ചുള്ള ഊഹാപോഹങ്ങള്‍ വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
റംബുട്ടാൻ പഴം കഴിച്ചു
അതേസമയം, കുട്ടി റംബൂട്ടാന് കഴിച്ചിരുന്നതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വവ്വാലുകളുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിക്കും. ഇന്നു ഡോ. ബേബി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തും. തുടര്‍ന്ന് റംബൂട്ടാന് മരത്തിനു സമീപത്തുള്ള വവ്വാലുകളുടെ കാഷ്ടം ശേഖരിക്കും.
റംബൂട്ടന്റെ പുറംതോട് കുട്ടി കടിച്ചു പൊട്ടിക്കാനുള്ള സാധ്യത ഏറെയാണ്. വവ്വാല് കടിച്ചതോ വിസര്‍ജ്യത്തിന്റെ അംശം കലരന്നതോ ആയ പഴം വായയിലെത്തിയാല് അതു വഴി നിപ്പ പിടിപെടാം. ഇതേ തുടര്‍ന്നാണ് വവ്വാലിന്റെ കാഷ്ടം ശേഖരിക്കുന്നത്.
2018 ല്‍ നിപ സ്ഥിരീകരിച്ച സൂപ്പി കടയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച വവ്വാലുകളെ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലെക്ക് അയച്ചിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു.
അതിനാല്‍ നിപ്പ പടര്‍ന്നത് വവ്വാലില്‍ നിന്നാണെന്നു പൂര്‍ണമായും സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണവകുപ്പിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് വീണ്ടും പഠനം നടത്താന്‍ തീരുമാനിച്ചത്.
കാട്ടുപന്നിയും നിരീക്ഷണത്തിൽ
മലയോര മേഖലയായതിനാല്‍ കാട്ടു പന്നികള്‍ വഴിയും നിപ്പ വൈറസ് സാന്നിധ്യം മനുഷ്യരിലെത്തം.ഇക്കാര്യം സംബന്ധിച്ചു വനം വകുപ്പുമായി സഹകരിച്ചു അന്വേഷണം നടത്തുമെന്നു ഡോ. ബേബി കുര്യാക്കോസ് പറഞ്ഞു.
മരിച്ച കുട്ടിയുടെ വീട്ടിലുള്ള എല്ലാ ജീവജാലങ്ങളിലും നിപ സാന്നിധ്യം ഉണ്ടോ ഇന്നു പരിശോധിക്കും. നിപ്പ വൈറസ് സ്ഥിരീകരിച്ച എല്ലായിടത്തും അതിന്റെ ഉത്ഭവം കണ്ടെത്തിയിരുന്നു.
വൈറസ്ബാധ ആദ്യം സ്ഥിരീകരിച്ച മലേഷ്യ, ബംഗ്ലാദേശ് തുടങ്ങി സ്ഥലങ്ങളിലെല്ലാം പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കു പടര്‍ന്നുവെന്നാണ് കണ്ടെത്തിയത്.
പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പാ വൈറസിന്റെ ഉറവിടവും കേരളത്തില്‍ ഉണ്ടായ നിപ്പാ വൈറസിന്റെ ഉറവിടവുമാണ് ഇതുവരെയും കണ്ടെത്താന്‍ സാധിക്കാത്തത്.