കോഴിക്കോട്: കൃത്യമായ ഇടവേളകളില്‍ എത്തുന്ന നിപ വെറസ് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. നിപ വീണ്ടും നാടിനെ ഭീതിയിലാഴ്ത്തുമ്പോള്‍ ജാഗ്രതയ്ക്കൊപ്പം വെല്ലുവിളികളും ഏറെയാണ്. നിപ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞുവെങ്കിലും വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ആകാത്തതാണ് ആരോഗ്യകേരളത്തിന് തിരിച്ചടിയാകുന്നത്.
വീണ്ടും നിപയെത്തുമ്പോള് ഏതു രീതിയിലുള്ള ജാഗ്രതാ നടപടികളാണ് എടുക്കേണ്ടതെന്ന അവ്യക്തതയും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. സമ്പര്‍ക്കപ്പട്ടിക, ഐസോലേഷന് തുടങ്ങിയ ജാഗ്രതാ നടപടികള്‍ക്ക് പ്രാമുഖ്യം കൊടുക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം.
2018 മേയിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി നിപ കോഴിക്കോട്ട് സ്ഥിരീകരിച്ചത്. രോഗംസ്ഥിരീകരിച്ച 23 പേരില്‍ 17 പേരും മരണത്തിനു കീഴടങ്ങി, 2019ല്‍ വീണ്ടും പേടിപ്പെടുത്തി നിപ വന്നു. എറണാകുളത്തായിരുന്നു ഇത്. പക്ഷെ മരണമുണ്ടായില്ല. അതിനുശേഷം രണ്ട് വര്‍ഷത്തോളം നിപ മറഞ്ഞുനിന്നു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ വവ്വാലുകളുടെ എണ്ണം എത്രത്തോളം വര്‍ധിച്ചു, ആവാസവ്യവസ്ഥയില്‍ വന്നമാറ്റം തുടങ്ങിയവയായിരുന്നു പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഈ സമയങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് അതീവജാഗ്രതയോടെ നിപയുടെ ഉറവിടം തേടി അലയുകയും പഠനം നടത്തുകയും ചെയ്തു. പക്ഷേ വീണ്ടും നാടിനെ നടുക്കി 2021 സെപ്റ്റംബര്‍ അഞ്ചിന് നിപ ബാധിച്ച് 13 വയസുകാരനായ മുഹമ്മദ് ഹാഷിം മരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്തായിരുന്നു സംഭവം. അന്ന് 250 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്.
വീട്ടിലെ റംബുട്ടാനില്നിന്നാണ് നിപ പിടിപെട്ടതെന്നായിരുന്നു അന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. വീട്ടിലെ ആട് റംബുട്ടാന് കഴിച്ചിരുന്നതായും ഇതുവഴിയായിരിക്കാം രോഗം പടര്‍ന്നതെന്നുമായിരുന്നു വിലയിരുത്തല്‍.
തുടര്‍ന്നു നടത്തിയ ചിട്ടയായ ആരോഗ്യപ്രവര്ത്തനങ്ങളിലൂടെയും ജാഗ്രതയിലൂടെയും നിപയെ പൂര്‍ണമായും പുറത്താക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതരും പൊതുജനവും ആശ്വസിച്ചിരിക്കെയാണ് 2023 ഓഗസ്റ്റില്‍ നിപ എത്തിയത്. രണ്ടുപേര്‍ മരണത്തിനു കീഴടങ്ങി. ഇതില്‍ മരുതോങ്കര സ്വദേശിയുടെ മരണത്തിനു ശേഷമാണ് നിപ സ്ഥിരീകരിച്ചത്. 1,080 പേരുടെ സമ്പര്‍ക്കപട്ടികയാണ് അന്ന് തയാറാക്കിയത്.
സ്വന്തം ലേഖകന്‍