കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധയാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടക്കൻപറവൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായും മന്ത്രി അറിയിച്ചു. ഓസ്ട്രേലിയയിൽ നിന്നും കൊണ്ടുവന്ന മരുന്നുകൾ സ്റ്റോക്കുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും തന്നെ വിളിച്ചിരുന്നതായും കൂടുതൽ മരുന്നുകൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എയിംസിൽനിന്നുള്ള ആറംഗസംഘം കൊച്ചിയിൽ എത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിപ്പ കേസിന്റെ ഉറവിടം ഇടുക്കിയാണെന്ന് പറയാനാകില്ലെന്നും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥറും വ്യക്തമാക്കി.
അതേസമയം, രോഗിയുമായി അടുത്തിടപഴകിയ നാലു പേർ കൂടി നിരീക്ഷണത്തിലാണെന്നും ഒരാളെ ഐസൊലെഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു. സുഹൃത്തുക്കളിൽ രണ്ടു പേർക്കും ആദ്യം രോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്ക്കുമാണ് പനി ബാധിച്ചത്. ആരുടെയും സ്ഥിതി ഗുരുതരമല്ല.