കൊച്ചി: നിപ്പ വൈറസ് ഭീതി ഒഴിയുന്നതിന്റെ സൂചന നൽകി കോൾ സെന്ററുകളിലേക്കു വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്. 22 പേർ മാത്രമാണ് എറണാകുളം കളക്ടറേറ്റിൽ താത്കാലികമായി തുറന്ന കോൾ സെൻററിലേക്ക് ഇന്നലെ വിളിച്ചത്. കോൾ സെന്ററിലേക്കുള്ള വിളികളുടെ എണ്ണത്തിൽ കുറവു വന്നതു ജനങ്ങളുടെ ആശങ്ക മാറിയതിന്റെ സൂചനയായാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നിപ്പ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുവരെ ആകെ 512 പേരാണ കോൾ സെന്ററിലേക്ക് വിളിച്ചിട്ടുള്ളത്. ഇതിനിടെ, നിപ്പ സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ രക്ത സാന്പിൾ ഇന്ന് വീണ്ടും പരിശോധിച്ചേക്കും. വൈറസ് സാന്നിധ്യം പൂർണമായും മാറിയോ എന്നറിയുവാൻ എറണാകുളം മെഡിക്കൽ കോളജിൽ ഒരുക്കിയ പ്രത്യേക ലാബിലാകും സാന്പിൾ പരിശോധിക്കുകയെന്നാണു വിവരങ്ങൾ.
അതിനിടെ, ഇന്നലെ രാത്രിയോടെ നിപ്പ ബാധിച്ചിട്ടുണ്ടോയെന്ന സംശയത്താൽ ഒരു വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചയായി പനിബാധിച്ച് കോതമംഗലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികനെ അടിമാലി താലൂക്ക് ആശുപത്രിയിൽനിന്നുമാണ് എറണാകുളത്തേയ്ക്ക് മാറ്റിയത്.
നിപ്പ സംബന്ധിച്ച ആശങ്ക മാറിയെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായിതന്നെ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്ത മാസം പകുതിവരെ ശക്തമായ നിരീക്ഷണം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴു പേരുടെയും പനി കുറഞ്ഞുവരുന്നതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.
പനി പൂർണമായും വിട്ടുമാറുന്ന മുറയ്ക്ക് ഇവരെ ഐസൊലേഷൻ വാർഡിൽനിന്നു നിരീക്ഷണ വാർഡിലേക്കു മാറ്റും. നിപ്പ ബാധയെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടക്കൻപറവൂർ വടക്കേക്കര സ്വദേശിയായ വിദ്യാർഥിയുടെ ആരോഗ്യനിലയും കൂടുതൽ മെച്ചപ്പെട്ടു.
ന്നു ദിവസമായി ആരോഗ്യനിലയിൽ പുരോഗതി കാണുന്നതു ശുഭപ്രതീക്ഷ നൽകുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയും രോഗി അമ്മയുമായി ഇൻറർകോമിലൂടെ സംസാരിച്ചു. ഭക്ഷണം കഴിക്കുന്നതു സാധാരണനിലയിലായി. ഇടയ്ക്കിടെ പനി വരുന്നതുമാത്രമാണു നേരിയ ആശങ്ക ഉണ്ടാക്കുന്നത്. തുടർചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർമാരുടെ സംഘം യോഗം ചേർന്നു വിലയിരുത്തി.
രോഗിയുമായി സന്പർക്കമുണ്ടായ 318 പേരെ നിരീക്ഷിക്കുന്നതു തുടരുകയാണ്. ഇതിൽ 52 പേർ തീവ്രനിരീക്ഷണത്തിലാണ്. രോഗിയുമായി ഏറെനേരം ചെലവഴിച്ചവരാണ് ഇവർ. പുതുതായി ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. നിപ്പയുമായി ബന്ധപ്പെട്ടു വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടു പേർക്കെതിരേ ഇന്നലെ കേസെടുത്തു.
അതിനിടെ, നിപ്പ വൈറസ് വാഹകരായ പഴംതീനി വവ്വാലുകളെ പറവൂരിൽ വിദഗ്ധസംഘം കണ്ടെത്തി. നിപ്പ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന വടക്കേക്കരയുടെ സമീപപ്രദേശമായ മടപ്ലാതുരുത്തിലാണു ’ഫ്രൂട്ട് ബാറ്റ്’’എന്നു വിളിക്കുന്ന വവ്വാലുകളെ കണ്ടെത്തിയത്. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും വനം-വന്യജീവി വകുപ്പിലെയും ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവയെ കണ്ടത്.
വവ്വാലുകളെ കണ്ട സ്ഥലങ്ങളിൽ ഇവയെ പിടികൂടുന്നതിനായി വനംവകുപ്പ് വല വിരിച്ചിട്ടുണ്ട്. പിടിയിലാകുന്നവയുടെ രക്തം, സ്രവം, കാഷ്ഠം എന്നിവ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. അടുത്ത പഞ്ചായത്തായ ചിറ്റാറ്റുകരയിലെ പട്ടണം പ്രദേശത്തു ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ധർ വവ്വാലുകളുടെ കാഷ്ടം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.