കൊച്ചി: നിപ്പ വൈറസ് ബാധയുടെ ഉറവിടം തേടി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധന തുടരുന്നു. പഴം തീനി വവ്വാലുകളിൽനിന്ന് സാന്പിളുകൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള വിദഗ്ധ സംഘം ഇന്നുവീണ്ടും ആലുവ, പറവൂർ മേഖലകളിൽനിന്ന് സാന്പിളുകൾ ശേഖരിക്കും. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നീ ശാസ്ത്രജ്ഞരുമുണ്ട്.
തൊടുപുഴ, മുട്ടം മേഖലകളിൽനിന്നുള്ള 52 പഴം തീനി വവ്വാലുകളിൽനിന്ന് സംഘം ഇതേവരെ സാന്പിളുകൾ ശേഖരിച്ചു. ഇന്നലെമാത്രം ഇവിടെനിന്ന് 22 സാന്പിളുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൂനെ എൻഐവി സംഘം ശേഖരിച്ചത്. ഈ സാന്പിളുകൾ ശേഖരിച്ച് പുനെയിലേക്ക് അയക്കും. അതേസമയം, എറണാകുളം മെഡിക്കൽ കോളജിൽ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ച അഞ്ച് സാന്പിളുകളുടെ ഫലവും ഇന്ന് പുറത്തുവരും.
വരാപ്പുഴ സ്വദേശിയെയാണു പുതിയതായി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതോടെ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ എട്ട് രോഗികളാണു നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്.
തൃശൂർ മെഡിക്കൽ കോളജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽനിന്നെത്തിയ ഓരോ സാന്പിളുകളും എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാന്പിളും ഉൾപ്പെടെ അഞ്ച് സാന്പിളുകളാണു പരിശോധിക്കുന്നത്.
ഇതിനിടെ, എറണാകുളം മെഡിക്കൽ കോളജിൽ 30 പേരെ കിടത്താവുന്ന പുതിയ ഐസൊലേഷൻ വാർഡ് സജ്ജമായിട്ടുണ്ട്. ഇതിന്റെ ട്രയൽ റണ്‍ ഇന്നലെ നടത്തി. രോഗിയെ ആംബുലൻസിൽ എത്തിക്കുന്നത് മുതൽ ഐസൊലേഷൻ വാർഡിൽ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണു ട്രയൽ റണ്‍ നടത്തിയത്. അതിനിടെ, നിപ്പ ബാധിച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്.
പരസഹായമില്ലാതെ നടന്നു തുടങ്ങി. ഭക്ഷണം കഴിക്കുന്നതും സാധാരണരീതിയിലായി. രോഗിയുടെ സാന്പിളുകൾ വീണ്ടും പരിശോധിച്ചതിൽ രണ്ടെണ്ണം നെഗറ്റീവ് ആയിരുന്നു. എന്നാൽ, യൂറിൻ സാന്പിൾ പരിശോധിച്ചതിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടിരുന്നു. മെഡിക്കൽ കോളജിലെ താൽകാലിക ലാബിലാണു മൂന്നു സാന്പിളുകളും പരിശോധിച്ചത്.
ഫലം ആധികാരികമായി ഉറപ്പാക്കുന്നതിനായി പൂന നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ്പ കണ്ട്രോൾ റൂമിൽ സംശയനിവാരണത്തിനായി ഇതുവരെ എത്തിയത് 596 കോളുകളാണ്. ഇന്നലെ ഏഴ് കോളുകൾമാത്രമാണ് ലഭിച്ചത്. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ 2327 പേർക്ക് പരിശീലനം നൽകി. ഇതോടെ ആകെ പരിശീലനം ലഭിച്ചവരുടെ എണ്ണം 18,655 ആയി.