മുക്കം: നിപ്പ ബാധിച്ച് പന്ത്രണ്ടുകാരൻ മരണപ്പെട്ടതിന്റെ സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാന്പിളുകളിൽ നിപ്പവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ജനങ്ങൾ.
പ്രദേശത്ത് നിന്ന് നിപ്പ ഭീതിയും സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും പൂർണമായും ഒഴിഞ്ഞ് ജനജീവിതം സാധാരണ നിലയിൽ പുലരുന്നതിനിടെയാണ് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം ഇന്നലെ പുറത്തുവന്നത്.
ആദ്യഘട്ടത്തിൽ ശേഖരിച്ച സാന്പിളുകളിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്.
ഫലം വന്നതോടെ…
രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകൾക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാന്പിളാണ് ശേഖരിച്ച് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയത്. മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു.
മൃഗസംരക്ഷണ വകുപ്പ് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച ആടുകളുടെയും വവ്വാലുകളുടെയും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നിന്നുള്ള സ്രവ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.
കൂടാതെ ജില്ലാ കളക്ടർ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നടത്തിയ സർവൈലൻസ് സർവേയിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ നിപ്പ ഭീതി ഒഴിഞ്ഞ് പ്രദേശത്തെ ജനങ്ങൾ ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് പുതിയ ഫലം പുറത്ത് വന്നത്.
വന്ന വഴി?
സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതോടെയാണ് വൈറസ് സാന്നിധ്യം ഉറപ്പിച്ചത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാന്പിളിലാണ് നിപ്പ വൈറസിനെതിരായ ഐജിജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപ്പയുടെ ഉറവിടം ഇതോടെ വ്യക്തമായിരിക്കുകയാണ്.
പാഴൂരിന്റെ സമീപപ്രദേശങ്ങളിൽ വനംവകുപ്പ് വല സ്ഥാപിച്ച് പിടികൂടിയ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ജനങ്ങളിൽ ആശങ്കയും ഭീതിയും വീണ്ടും ഉടലെടുത്തിട്ടുണ്ട്. ഒരുമാസത്തോളം അടച്ചുപൂട്ടിയ അവസ്ഥയിലായിരുന്നു പാഴൂർ പ്രദേശം. വവ്വാലുകളിലുള്ള നിപ്പ വൈറസ് മരിച്ച കുട്ടിയിൽ എങ്ങനെയെത്തിയെന്ന് കണ്ടുപിടിക്കാനാണ് ഇനി ആരോഗ്യവകുപ്പിന്റെ ശ്രമം.
പഠനം തുടരും!
വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇനിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ആരോഗ്യ വകുപ്പ് വിദഗ്ധ പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേസമയം ഇന്നലെ ചേന്നമംഗലൂരിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുൽഗാന്ധി എംപി മരണം സ്ഥിരീകരിച്ച പാഴൂരിലെ മുന്നൂരിലിറങ്ങി കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും മാതാപിതാക്കളിൽ ഒരാൾക്ക് സർക്കാർ ജോലിയും ലഭിക്കാൻ മുഖ്യമന്ത്രിയോട് ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാഴൂർ യൂണിറ്റ് കമ്മിറ്റി അദ്ദേഹത്തിന് നിവേദനവും നൽകി.